നെല്ലിക്കുന്ന് സ്‌കൂളിന് സമീപം റോഡരികില്‍ പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴിമൂടിയില്ല; അപകട ഭീതി

സ്ഥലത്ത് ചെളി കെട്ടിക്കിടക്കുന്നതും വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നു

കാസര്‍കോട്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളിന് സമീപം റോഡരികില്‍ പൈപ്പ് സ്ഥാപിക്കാനായെടുത്ത കുഴി പൂര്‍ണമായും മൂടിയില്ല. ഇതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ നടക്കുന്ന വഴിയില്‍ അപകടം പതിയിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നന്നാക്കാനായി കുഴിച്ചത്.

പൈപ്പ് നന്നാക്കിയിട്ട് കുഴി മൂടാതെ ബന്ധപ്പെട്ടവര്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ് ആക്ഷേപം. മഴയെ തുടര്‍ന്ന് കുഴിയില്‍ വെള്ളം നിറഞ്ഞതിനാല്‍ കാല്‍ നട യാത്രക്കാര്‍ക്ക് കുഴി ശ്രദ്ധയില്‍പെടാതെ അപകടം സംഭവിക്കുകയാണ്.

ചെളി കെട്ടിക്കിടക്കുന്നതും വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. അധികൃതരുടെ നിസംഗതയെ തുടര്‍ന്ന് ദുരിതം നീണ്ടുപോകുകയാണ്. ഒരു അപകടം നടന്നിട്ട് വേണോ പ്രശ്നത്തിന് പരിഹാരം കാണാനെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Related Articles
Next Story
Share it