പൊലീസ് ഉദ്യോഗസ്ഥനെയും യുവാവിനെയും കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ ഒളിവില്‍; അക്രമം കഞ്ചാവ് ലഹരിയില്‍; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ഇവര്‍ക്കെതിരെ ബേഡകം പൊലീസ് ചുമത്തിയിരിക്കുന്നത് വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍

ബേഡകം: മുന്നാട് കൊറത്തിക്കുണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെയും യുവാവിനെയും കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ ഒളവില്‍. നാട്ടുകാര്‍ വളഞ്ഞതോടെ തന്ത്രപൂര്‍വ്വം ഓടി രക്ഷപ്പെട്ടു. കൊറത്തിക്കുണ്ടിലെ വിഷ്ണു(25), ജിഷ്ണു എന്ന ജിത്തു(24) എന്നിവരാണ് ഒളിവില്‍ പോയത്. ഇവരെ കണ്ടെത്തുന്നതിന് ബേഡകം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. ഇവിടുത്തെ താമസക്കാരായ ജിഷ്ണുവും വിഷ്ണുവും തൊട്ടുത്ത വീട്ടില്‍ കയറി ഭീഷണി മുഴക്കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കെ.എസ്.ഇ.ബി ജീവനക്കാരനും സ്‌കൂള്‍ അധ്യാപികയും താമസിക്കുന്ന വീട്ടിലാണ് ഇരുവരും അതിക്രമിച്ച് കറിയത്. വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ക്കുകയും വാതില്‍ കുത്തി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ ഇവര്‍ ഭയന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

പട്രോളിംഗിലായിരുന്ന ബേഡകം പൊലീസ് പാഞ്ഞെത്തിയെങ്കിലും ഇവരെയും യുവാക്കള്‍ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ ബീംബുങ്കാലിലെ സരീഷിന്(35) നേരെ വടിവാള്‍ വീശി. വയറിന് ഗുരുതരമായി പരിക്കേറ്റ സരീഷ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. തടയാന്‍ ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജിനും വെട്ടേറ്റു.

സൂരജ് ബേഡഡുക്ക താലൂക്കാസ്പത്രിയില്‍ ചികിത്സ തേടി. അക്രമാസക്തരായ യുവാക്കളെ നിയന്ത്രിക്കാന്‍ പൊലീസിനും നാട്ടുകാര്‍ക്കും സാധിച്ചില്ല. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ വീട്ടുപരിസരത്ത് തടിച്ചു കൂടി. യുവാക്കള്‍ ഭീഷണി തുടരുന്നതിനിടയില്‍ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. ഇതിനിടയില്‍ യുവാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ക്കായി നാട്ടുകാരും പൊലീസും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാക്കള്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

വിഷ്ണുവിനും ജിഷ്ണുവിനുമെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ബേഡകം പൊലീസ് കേസെടുത്തത്.

Related Articles
Next Story
Share it