യുവതിയെ കടയില്‍ കയറി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് ബസില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ
രാമാമൃതത്തെ ആക്രമണത്തിന് പ്രേരിപ്പിച്ചത് കടയൊഴിയാന്‍ ആവശ്യപ്പെട്ടതിലുള്ള വിരോധം.

ബേഡകം: മുന്നാട്ട് യുവതിയെ കടയില്‍ കയറി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷന് സമീപം വാടകമുറിയില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശി രാമാമൃതത്തെ(56)യാണ് അറസ്റ്റ് ചെയ്തത്. മുന്നാട് പേര്യ മണ്ണടുക്കത്തെ പ്രവാസി നന്ദകുമാറിന്റെ ഭാര്യ സി. രമിതയെ(26) ആണ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രമിതയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരു എ.ജെ ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് 3.20 മണിയോടെയാണ് സംഭവം. മണ്ണടുക്കത്ത് പലചരക്ക് കട നടത്തുന്ന രമിതയെ രാമാമൃതം മര ഉരുപ്പടികള്‍ക്ക് മിനുസം വരുത്തുന്നതിന് ഉപയോഗിക്കുന്ന തിന്നര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു.
രാമാമൃതം രമിതയുടെ കടയ്ക്ക് സമീപമുള്ള മുറിയില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്. നേരത്തെ ഇയാള്‍ രമിതയെ ശല്യപ്പെടുത്തിയെന്ന പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ കെട്ടിട ഉടമ രാമാമൃതത്തോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. രമിത പരാതിപ്പെട്ടതിനാലാണ് മുറി ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടതെന്ന് സംശയിച്ചാണ് യുവതിയെ തീകൊളുത്തി കൊല്ലാനുള്ള ശ്രമം നടന്നത്. കടയില്‍ ഇരിക്കുകയായിരുന്ന രമിതക്ക് നേരെ രാമാമൃതം കുപ്പിയില്‍ കരുതിയ തിന്നര്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഈ സമയം കടയില്‍ സാധനം വാങ്ങാനെത്തിയ അയല്‍വാസി സജിതയുമുണ്ടായിരുന്നു. തീ ശരീരത്തില്‍ ആളിപ്പടരുന്നതിനിടെ രക്ഷപ്പെടാന്‍ രമിത വരാന്തയിലേക്ക് ഓടിയെങ്കിലും തളര്‍ന്നുവീണു. ഈ സമയം പൊയിനാച്ചി ഭാഗത്തുനിന്നെത്തിയ ശ്രീകൃഷ്ണ ബസ് സജിത കൈ കാണിച്ച് നിര്‍ത്തി. ബസില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ ലഭ്യമായ തുണിയും മറ്റും ഉപയോഗിച്ചാണ് തീ കെടുത്തിയത്.
ഇതിനിടെ രാമാമൃതം രക്ഷപ്പെടാനായി ബസില്‍ ഓടിക്കയറി. പിന്നാലെ കയറിയ സജിത ബസില്‍ കയറിയത് തീവെച്ചയാളാണെന്ന് പറഞ്ഞതോടെ ബസ് ജീവനക്കാരും യാത്രക്കാരും രാമാമൃതത്തെ കീഴ് പ്പെടുത്തുകയും ബസ് ബേഡകം പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ കൈമാറുകയും ചെയ്തു. പൊലീസ് ആസ്പത്രിയിലെത്തി രമിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രാമാമൃതത്തിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.