ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആദ്യ ഒറ്റത്തൂണ്‍ മേല്‍പാലം പ്രവര്‍ത്തന സജ്ജമായി; മന്ത്രി മുഹമ്മദ് റിയാസ് പാലം സന്ദര്‍ശിച്ചു
കേരളത്തില്‍ തലപ്പാടി തൊട്ട് തിരുവനന്തപുരം വരെയുള്ള ആറു വരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം കാസര്‍കോടിനു മാത്രം സ്വന്തമാണ്.

കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആദ്യ ഒറ്റത്തൂണ്‍ മേല്‍പാലം പ്രവര്‍ത്തന സജ്ജമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മേല്‍പാലം സന്ദര്‍ശിച്ചു. എംഎല്‍എമാരായ എം രാജഗോപാലന്‍, സി എച്ച് കുഞ്ഞമ്പു, ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ബോക്സ് ഗര്‍ഡര്‍ മാതൃകയില്‍ ദേശീയ പാതയില്‍ കേരളത്തില്‍ ആദ്യമായി നിര്‍മ്മിച്ച ഒറ്റത്തൂണ്‍ മേല്‍ പാലമാണ് ഇത്. ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് സാധാരണ ഗതിയില്‍ പാലങ്ങള്‍ നിര്‍മിക്കാറുള്ളത്.
എന്നാല്‍ ഇതിന് മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രമുള്ളതാണ് പ്രത്യേകത. മനുഷ്യന്റെ നട്ടെല്ലും ചുമലും എന്നാണ് ഇത്തരം നിര്‍മാണരീതിയെ വിശേഷിപ്പിക്കുന്നത്.
ദേശീയപാത നിര്‍മാണത്തിന്റെ വടക്കേ അറ്റത്തെ ആദ്യ റീച്ച് പൂര്‍ണ സജ്ജമായതായും ഉടന്‍ തന്നെ തുറന്ന് കൊടുക്കുമെന്നും പാലം സന്ദര്‍ശിച്ചശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയപാത എവിടെയൊക്കെ പൂര്‍ണമാകുന്നു അപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നതാണ് നിലപാടെന്നും കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി അഭിമാനകരമായ രീതിയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിജയവാഡയിലും ഒറ്റത്തൂണ്‍ പാലമുണ്ട്. എന്നാല്‍ ഇതിന്റെയൊക്കെ വീതി 24 മീറ്റര്‍ മാത്രമാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള റീച്ചില്‍ കാസര്‍കോട് ടൗണില്‍ പാലം നിര്‍മിച്ചത്.കേരളത്തില്‍ തലപ്പാടി തൊട്ട് തിരുവനന്തപുരം വരെയുള്ള ആറു വരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം കാസര്‍കോടിനു മാത്രം സ്വന്തമാണ്.
ആദ്യ റീച്ചായ തലപ്പാടി- ചെങ്കള റീച്ച് 39 കിലോമീറ്ററാണുള്ളത്. ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഓരോ രണ്ടാഴ്ചയും കൂടുമ്പോള്‍ റീച്ച് അവലോകനവും സ്ഥല സന്ദര്‍ശനവും കൃത്യമായി നടത്തുകയും തടസ്സങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ പരിഹാരം കാണുകയും ചെയ്തു. രണ്ട് മേല്‍പാലം, നാല് പ്രധാന പാലം, നാല് ചെറിയ പാലം, 21 അടിപ്പാത, 10 മേല്‍ നടപ്പാലം രണ്ട് ഓവര്‍ പാസ് എന്നിവയാണ് ഈ റീച്ചിലുള്ളത്.
കാസര്‍കോട് നഗരത്തിലെ 1.12 കിലോമീറ്ററുള്ള ഒറ്റതൂണ്‍ മേല്‍പ്പാലം ഇതില്‍ പ്രധാനമാണ്. 27 മീറ്റര്‍ വീതിയില്‍ ബോക്സ് ഗര്‍ഡര്‍ മാതകയില്‍ നിര്‍മിച്ച ആദ്യ ഒറ്റത്തൂണ്‍ പാലമാണിത്. 10 വര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. 5800 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പാലത്തിന്റെ നിര്‍മ്മാണത്തിനായി നല്‍കിയത്. ഈ തുക കടമെടുപ്പ് പരിധിയില്‍ പെടാത്തതിനാല്‍, സംസ്ഥാനത്തിന് ഫലത്തില്‍ 12000 കോടിയുടെ ചെലവു വന്നു.
ഭൂമി ഏറ്റെടുക്കല്‍, മരം മുറിക്കല്‍, കെട്ടിടം പൊളിക്കല്‍, വൈദ്യുതി ലൈന്‍ മാറ്റല്‍, നിര്‍മാണ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞ കാര്യവും റിയാസ് ഓര്‍മ്മിപ്പിച്ചു.
കോട്ടിക്കുളം മേല്‍പ്പാലം സംബന്ധിച്ച് നിലവിലെ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. എസ്റ്റിമേറ്റ് തുകയുടെ കാര്യത്തില്‍ ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.