മകന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി; ഒരു രാത്രി മുഴുവന്‍ റബ്ബര്‍ തോട്ടത്തില്‍ കഴിഞ്ഞ് അമ്മ; ഒടുവില്‍ പൊലീസിന്റെ ഇടപെടല്‍

കുറ്റിക്കോല്‍ ബേത്തൂര്‍ പാറ സ്വദേശിനിയായ 53കാരിയാണ് മകനെ ഭയന്ന് വീട്ടില്‍ നിന്നിറങ്ങിയത്

കുറ്റിക്കോല്‍: മകന്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വീടുവിട്ട അമ്മ ഒരു രാത്രി മുഴുവന്‍ റബ്ബര്‍ തോട്ടത്തില്‍ കഴിഞ്ഞു. കുറ്റിക്കോല്‍ ബേത്തൂര്‍ പാറ സ്വദേശിനിയായ 53കാരിയാണ് മകനെ ഭയന്ന് വീട്ടില്‍ നിന്നിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മകന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വീട്ടമ്മ കഴിഞ്ഞ ദിവസം രാത്രി ഉടുത്തിരുന്ന മാക്സിയോടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി ജോലി ചെയ്യുന്ന വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ കഴിയുകയായിരുന്നു.

ഞായറാഴ്ച രാവിലെ ജോലി ചെയ്യുന്ന വീട്ടിലെത്തിയ സ്ത്രീ സംഭവത്തെക്കുറിച്ച് പറഞ്ഞു. വീട്ടുകാര്‍ വിവരം ബേഡകം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വീട്ടമ്മയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് മകന്‍ ഉപദ്രവിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. അതിനിടെ അമ്മയെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it