കുണ്ടംകുഴിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ കട പൂര്‍ണ്ണമായും കത്തിനശിച്ചു; നഷ്ടം രണ്ട് കോടി

എം ഗോപാലന്‍ നായരുടെ ഉടമസ്ഥതയിലുള്ള ശിവഗംഗ ഹാര്‍ഡ് വേഴ് സ് ആന്റ് പെയിന്റ് കടയിലാണ് തീപിടുത്തമുണ്ടായത്.

ബേഡകം: കുണ്ടംകുഴിയില്‍ വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ തീപിടുത്തത്തില്‍ കട പൂര്‍ണ്ണമായും കത്തിനശിച്ചു. കുണ്ടംകുഴി ടൗണിലെ അമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശിവഗംഗ ട്രേഡേഴ് സില്‍ വ്യാഴാഴ്ച 11 മണിയോടെയുണ്ടായ വന്‍ തീപിടുത്തത്തില്‍ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പൂര്‍ണമായും കത്തിയമര്‍ന്ന കടയിലെ എല്ലാ സാധന സാമഗ്രികളും നശിച്ചു.

രണ്ട് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുണ്ടം കുഴിയിലെ എം ഗോപാലന്‍ നായരുടെ ഉടമസ്ഥതയിലുള്ള ശിവഗംഗ ഹാര്‍ഡ് വേഴ് സ് ആന്റ് പെയിന്റ് കടയിലാണ് തീപിടുത്തമുണ്ടായത്. കടക്കകത്ത് വെല്‍ഡിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാലുണ്ടായ സ്പാര്‍ക്കില്‍ കടക്കുള്ളിലെ ടിന്നറിലേക്കും സ്പ്രേ പെയിന്റുകളിലേക്കും തീ ആളി പടരുകയായിരുന്നു.

പുക ഉയരുന്നത് കണ്ട് ഓടികൂടിയ നാട്ടുകാര്‍ നോക്കി നില്‍ക്കെ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തീ ആളി പടര്‍ന്നു. കൂടിനിന്നവര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായി. വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്ന് അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളി പടര്‍ന്നുകൊണ്ടിരുന്നു.

കാസര്‍കോട്ട് നിന്ന് അഗ്നി ശമനസേനയെത്തിയതോടെ തീയണക്കാനുള്ള ശ്രമം ഊര്‍ജിതമായി. തീ മറ്റു സ്ഥാപനങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം വിജയിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. അതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുണ്ടംകുഴിയിലെ ടൈലര്‍ പുരുഷോത്തമന്റെ കൈക്ക് പരിക്കേറ്റു. അപകട വിവരം അറിഞ്ഞ് നൂറുകണക്കിനാളുകള്‍ അമ്പലം റോഡിലും പരിസരത്തും തടിച്ചു കൂടി.

Related Articles
Next Story
Share it