മൊഗ്രാല്‍ പുത്തൂരില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും ലാപ് ടോപ്പും കവര്‍ന്നു; സി.സി.ടി.വി കേടുവരുത്തിയ നിലയില്‍
വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ ദേശീയ പാതയോരത്തെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും ലാപ് ടോപ്പും കവര്‍ന്നു. കുന്നിലിലെ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച. റസാഖും കുടുംബവും ബഹ് റൈനിലാണ്. ഒരു മാസം മുമ്പാണ് റസാഖിന്റെ ഭാര്യയും മക്കളും ഗള്‍ഫിലേക്ക് പോയത്. ഇടയ്ക്കിടെ വന്ന് ബന്ധുക്കളായിരുന്നു വീട് നോക്കിയിരുന്നത്.
കഴിഞ്ഞദിവസം സമീപത്തെ വീട്ടുകാരാണ് റസാഖിന്റെ വീടിന്റെ അടുക്കളഭാഗത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണാഭരണമടക്കം കവര്‍ന്നതായി അറിയുന്നത്. വീട്ടുകാര്‍ അലമാരയില്‍ വവച്ചിരുന്ന സ്വര്‍ണാഭരണവും ലാപ് ടോപ്പുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. വീട്ടിലെ സി.സി.ടി.വി. ക്യാമറകള്‍ കേടുവരുത്തിയ നിലയിലാണ്.
വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ദേശീയ പാതയോരത്തെ കടയിലും കവര്‍ച്ച നടന്നിരുന്നു. ഗ്രില്‍സ് അടര്‍ത്തി മാറ്റിയും അകത്തെ ഷട്ടര്‍ പൂട്ട് തകര്‍ത്തുമാണ് കടയില്‍ നിന്ന് പണം കവര്‍ന്നത്. ആസാദ് നഗറിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് കട.
കാസര്‍കോട് എസ്.ഐ എം. അന്‍സാര്‍, എസ്.ഐ. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. രണ്ട് കവര്‍ച്ചക്ക് പിന്നിലും ഒരേ സംഘമാണോ എന്നും സംശയമുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ദേശീയ പാതയോരത്തെ വീടുകളും കടകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടക്കുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു. മഴ തുടങ്ങിയതോടെ കവര്‍ച്ചയും വര്‍ധിച്ചിരിക്കുകയാണ്.