റെയില്‍വെ സ്റ്റേഷന്‍ റോഡ് വികസനം; കെട്ടിട ഉടമകള്‍ക്ക് ഇരുട്ടടി; നിര്‍മ്മാണം പൊലീസെത്തി നിര്‍ത്തിവെപ്പിച്ചു
ഗതാഗതകുരുക്ക് മൂലം ജനങ്ങള്‍ വളരെയധികം ദുരിതമനുഭവിച്ചിരുന്ന റോഡ് വികസിപ്പിക്കാന്‍ വര്‍ഷങ്ങളുടെ മുറവിളിക്ക് ശേഷമാണ് നടപടിയായത്

കാസര്‍കോട്: റെയില്‍വെ സ്റ്റേഷന്‍ റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം വിട്ട് നല്‍കി കെട്ടിട നിര്‍മ്മാണം നടത്തിവന്ന കെട്ടിട ഉടമകള്‍ക്ക് പൊലീസിന്റെ വിലക്ക്. നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.
ഗതാഗതകുരുക്ക് മൂലം ജനങ്ങള്‍ വളരെയധികം ദുരിതമനുഭവിച്ചിരുന്ന കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ് വികസിപ്പിക്കാന്‍ വര്‍ഷങ്ങളുടെ മുറവിളിക്ക് ശേഷമാണ് നടപടിയായത്. ഇടുങ്ങിയ ഭാഗത്തെ കെട്ടിട ഉടമകള്‍ സ്വമേധയാ സ്ഥലം വിട്ട് നല്‍കി കെട്ടിടങ്ങള്‍ സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റുകയും അവശേഷിച്ച സ്ഥലത്ത് നഗരസഭയുടെ അനുവാദത്തോടെ നിര്‍മ്മാണം നടത്തുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചില ഉദ്യോഗസ്ഥരോടൊപ്പം പൊലീസ് എത്തി കെട്ടിട നിര്‍മ്മാണം തടയുകയായിരുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെയും മുനിസിപ്പല്‍ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെയും ദീര്‍ഘനാളത്തെ പരിശ്രമഫലമായി രണ്ട് വര്‍ഷം മുമ്പാണ് റെയില്‍വെ സ്റ്റേഷന്‍ റോഡ് വികസിപ്പിക്കാന്‍ ആലോചന തുടങ്ങിയത്. ഇവിടത്തെ കെട്ടിട ഉടമകളുമായി എം.എല്‍.എയും മുനിസിപ്പല്‍ ചെയര്‍മാനും സെക്രട്ടറിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജില്ലാ ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥരും നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. റോഡ് വികസനം അനിവാര്യമാണെന്നും ഇതിനായി സൗജന്യമായി സ്ഥലം വിട്ട് തരികയും കെട്ടിടങ്ങള്‍ സ്വന്തം ചെലവില്‍ പൊളിച്ച് നീക്കുകയും ചെയ്യണമെന്ന് കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ചെയര്‍മാന്‍, സെക്രട്ടറി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചീനിയര്‍, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍, മുനിസിപ്പല്‍ പൊതുമരാമത്ത് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, കൗണ്‍സില്‍ അംഗങ്ങള്‍, കെട്ടിട ഉടമകള്‍ എന്നിവരുടെ യോഗങ്ങള്‍ അഞ്ച് തവണയെങ്കിലും ചേരുകയുണ്ടായി. ഉടമകള്‍ സ്വന്തം ചെലവില്‍ കെട്ടിടം പൊളിച്ച് റോഡ് വീതി കൂട്ടാന്‍ തയ്യാറാവുകയും ചെയ്തു.
അവശേഷിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാമെന്ന് നഗരസഭാ അധികതര്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. എന്നാല്‍ വിട്ട് നല്‍കിയതിന് ശേഷം കൈവശമുള്ള ബാക്കി സ്ഥലത്ത് കെട്ടിടം പണി നടന്നുവരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പൊലീസെത്തി കെട്ടിടം പണി തടയുകയായിരുന്നു. ഇതോടെ കെട്ടിട ഉടമകള്‍ ധര്‍മ്മസങ്കടത്തിലായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെയും നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെയും നേതൃത്വത്തില്‍ നടന്നുവന്ന നവീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് പല സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിന്റെ സഹായത്തോടെ കെട്ടിട നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെച്ചത്. ഇതിനെതിരെ പല ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.