നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍സാക്ഷ്യം ; സിവില്‍ സര്‍വീസ് പരീക്ഷയില്‍ 404ാം റാങ്ക് നേടി കാസര്‍കോടിന്റെ അഭിമാനമായി രാഹുല്‍ രാഘവന്‍

ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നില മെച്ചപ്പെടുത്തി

കാസര്‍കോട്: സിവില്‍ സര്‍വീസ് എന്ന മോഹവുമായി പരീക്ഷ എഴുതി കഴിഞ്ഞ തവണ 714 റാങ്ക് നേടി കാസര്‍കോടിന്റെ അഭിമാനമായ രാഹുല്‍ രാഘവന്‍ ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 404 റാങ്കോടെ വീണ്ടും നാടിന്റെ അഭിമാനമായി.

ഉദുമ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് സമീപം കൊവ്വല്‍ വടക്കുപുറം ശ്രീരാഗത്തില്‍ രാഹുല്‍ രാഘവനാണ് വീണ്ടും പരീക്ഷ എഴുതി റാങ്ക് നില മെച്ചപ്പെടുത്തിയിരിക്കുന്നത്. കഠിനമായ പരിശ്രമവും ആത്മ വിശ്വാസവുമാണ് രാഹുലിന്റെ ഈ വിജയത്തിന് പിന്നില്‍.

ആദ്യ നാലുതവണ പരീക്ഷ അഭിമുഖീരിച്ച രാഹുല്‍ അഭിമുഖം വരെ എത്തിയിരുന്നു. അഞ്ചാം തവണയാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. 714 റാങ്ക് നേടിയെങ്കിലും നില മെച്ചപ്പെടുത്താനായി വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. ആ ഉദ്യമം വിജയിക്കുകയും ചെയ്തു.

വീടിന് സമീപത്തെ സര്‍ക്കാര്‍ ജി എല്‍ പി സ്‌കൂള്‍, ഉദുമ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

99 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച രാഹുല്‍ തുടര്‍ന്ന് തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. അതിന് ശേഷമാണ് സിവില്‍ സര്‍വീസ് മോഹം ജനിച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ പരിശീലന കേന്ദ്രത്തിലായിരുന്നു ചേര്‍ന്നത്. ആദ്യശ്രമത്തില്‍ തന്നെ അഭിമുഖം വരെ എത്തിയതോടെ ആത്മ വിശ്വാസം വര്‍ധിച്ചു. തുടര്‍ന്ന് പഠിച്ച സ്ഥാപനത്തില്‍ തന്നെ പരിശീലകനായി.

ഉദുമ കുടുംബാംരോഗ്യ കോന്ദ്രത്തിലെ ജെ.പി.എച്ച്.എന്‍.ടി. ചിന്താമണിയുടേയും ഉദുമയിലെ റേഷന്‍ കട ഉടമ രാഘവന്റേയും മകനാണ്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ റിസോഴ്സ് പേഴ്സണായ രചന രാഘവനാണ് സഹോദരി.

Related Articles
Next Story
Share it