ചോദ്യക്കലാസ് ചോര്‍ച്ചക്കേസ്; ഗ്രീന്‍ വുഡ് കോളേജ് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല ബി.സി.എ ആറാം സെമസ്റ്റര്‍ ചോദ്യങ്ങള്‍ പരീക്ഷക്ക് മുമ്പ് ചോര്‍ത്തിയ കേസില്‍ പ്രതിയായ പാലക്കുന്ന് ഗ്രീന്‍ വുഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ബാര ഞെക്ലിയിലെ പി അജീഷ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

ജാമ്യഹരജിയില്‍ ബുധനാഴ്ച കോടതി വാദം കേള്‍ക്കും. പൊലീസ് കേസെടുത്തതോടെ ഒളിവില്‍പോയ അജീഷ് ചൊവ്വാഴ്ചയാണ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ അജീഷിനെ കോളേജ് മാനേജ് മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഗ്രീന്‍ വുഡ് കോളേജിലെ ഒമ്പത് ബി.സി.എ വിദ്യാര്‍ത്ഥികളില്‍ നിന്നും നാല് അധ്യാപകരില്‍ നിന്നും കഴിഞ്ഞദിവസം പൊലീസ് മൊഴിയെടുത്തിരുന്നു. കോളേജില്‍ പ്രിന്‍സിപ്പല്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ സി.പി.യു പൊലീസ് കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറി. നിലവില്‍ അയച്ച ഫോണ്‍ സന്ദേശങ്ങളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണ് ഉള്ളതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് പൊലീസ് സംഘം അജീഷിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കോളേജിന്റെ അഫിലിയേഷന്‍, കുട്ടികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയവ അന്വേഷണസംഘം സര്‍വകലാശാലയില്‍ നിന്ന് ശേഖരിക്കും. ഏപ്രില്‍ രണ്ടിന് നടന്ന കണ്ണൂര്‍ സര്‍വകലാശാല ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചില ചോദ്യങ്ങള്‍ പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും അടങ്ങുന്ന വാട്‌സ് ആപ് ഗ്രൂപ്പിലേക്ക് ചോര്‍ത്തിയ സംഭവത്തിലാണ് പ്രിന്‍സിപ്പല്‍ അജീഷിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്.

ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ എം സതീശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഇബ്രാഹിം കുട്ടി എന്നിവരടങ്ങിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it