പൊലീസും എക് സൈസും സംയുക്ത പരിശോധനക്കിറങ്ങി; രേഖകളില്ലാതെ വാഹനത്തില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ പിടിച്ചെടുത്തു
പ്രതികളേയും സഞ്ചരിച്ച വാഹനം പണം എന്നിവ അടക്കം തുടര്‍ നടപടികള്‍ക്കായി ആദൂര്‍ പൊലീസിന് കൈമാറി.

കാസര്‍കോട്: കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ എക് സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി എക് സൈസ് വകുപ്പ്, ഡോഗ് സ്‌ക്വാഡ്, ആദൂര്‍ പൊലീസ്, എക് സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് എന്നിവ സംയുക്തമായി ഗാളീമുഖം, കൊട്ട്യാടി ഭാഗങ്ങളില്‍ സംയുക്ത വാഹന പരിശോധന നടത്തി.
പരിശോധയ്ക്കിടെ മഹീന്ദ്ര ഥാര്‍ ജീപ്പിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ രേഖകളില്ലാത്ത 18 ലക്ഷം രൂപ കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന യൂസഫ്, റൈസുദ്ദീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരെയും സഞ്ചരിച്ച വാഹനവും പണവും തുടര്‍ നടപടികള്‍ക്കായി ആദൂര്‍ പൊലീസിന് കൈമാറി.
കാസര്‍കോട് എക് സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് എസ്.ഐ. തമ്പാന്‍, അസി. എക് സൈസ് ഇന്‍സ്പെക്ടര്‍മാരായ സുധീന്ദ്രന്‍, സന്തോഷ് കുമാര്‍ വി.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിജിന്‍, വിഷ്ണു, ഡ്രൈവര്‍ സുധീര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.