പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സഹപാഠിക്കെതിരെ പോക്സോ കേസ്

സംഭവം പുറത്തായത് മൂത്ര പഴുപ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി ആസ്പത്രിയിലെത്തിയതോടെ

ബേഡകം: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ വെച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ സഹപാഠിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

നാല് മാസം മുമ്പ് പ്രതിയുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പഴുപ്പ് കൂടിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ചികില്‍സിച്ച ഡോക്ടര്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുവിട്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഇക്കാര്യം രാജപുരം പൊലീസിനെ അറിയിച്ചു. രാജപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ബേഡകം പൊലീസിന് കൈമാറുകയായിരുന്നു.

Related Articles
Next Story
Share it