കല്ല്യോട്ട് ഇരട്ടക്കൊല; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മൂന്നുപേര്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി
ഹരജി നല്‍കിയത് എട്ടാം പ്രതി പാക്കം വെളുത്തോളിയിലെ എ സുബീഷ്, 10ാം പ്രതി ടി രഞ് ജിത്, 15ാം പ്രതി കല്ല്യോട്ടെ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര എന്നിവര്‍

കാസര്‍കോട് : കല്ല്യോട്ട് ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മൂന്നുപേര്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി. എട്ടാം പ്രതി പാക്കം വെളുത്തോളിയിലെ എ സുബീഷ്(29), 10ാം പ്രതി ടി രഞ് ജിത്(46), 15ാം പ്രതി കല്ല്യോട്ടെ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര(47) എന്നിവരാണ് വിധിക്കെതിരെ നല്‍കിയ അപ്പീലിനൊപ്പം അപ്പീല്‍ പരിഗണിക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജി കൂടി നല്‍കിയത്.
സുബീഷിന്റെയും സുരേന്ദ്രന്റെയും ഹരജി ബുധനാഴ്ച പരിഗണിക്കാനിരുന്നതാണെങ്കിലും അഭിഭാഷകരുടെ സമരത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഹരജി കോടതി അവധിക്ക് ശേഷം അടുത്തയാഴ്ച പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത്. സി.ബി.ഐക്ക് വേണ്ടി സീനിയര്‍ സ്റ്റാന്റിങ് കോണ്‍സലും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ കെ.പി സതീശനാണ് ഹാജരാകുന്നത്.
2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 24 പ്രതികളാണുള്ളത്. ഒന്നാംപ്രതി എ. പീതാംബരനുള്‍പ്പെടെ 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചത്.
മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ എന്നിവരുള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. നാല് പ്രതികളുടെ അഞ്ചുവര്‍ഷം തടവുശിക്ഷ ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നതുവരെ മരവിപ്പിച്ചതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.