എക്സൈസ് പിന്തുടര്‍ന്നപ്പോള്‍ കാര്‍ ഉപേക്ഷിച്ച് രണ്ടംഗസംഘം രക്ഷപ്പെട്ടു; കണ്ടെടുത്തത് പണവും സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങളും ചുറ്റികയും
കാറില്‍ കടത്താന്‍ ശ്രമിച്ചത് കര്‍ണ്ണാടകയില്‍ നിന്ന് കവര്‍ച്ച ചെയ്ത മുതലുകളാകാമെന്ന് എക്‌സൈസ് സംഘം

ആദൂര്‍: എക്സൈസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് രണ്ടംഗസംഘം രക്ഷപ്പെട്ടു. കാറില്‍ പരിശോധന നടത്തിയപ്പോള്‍ അതിനകത്തുനിന്നും സ്വര്‍ണ്ണം- വെള്ളി ആഭരണങ്ങളും ചുറ്റികയും കണ്ടെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
ആദൂര്‍ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം കര്‍ണ്ണാടക ഭാഗത്ത് നിന്നും വരികയായിരുന്ന വെള്ള സ്വിഫ് റ്റ് കാര്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. എക് സൈസ് സംഘം കാറിനെ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്നു.
ബദിയടുക്ക-മുള്ളേരിയ റോഡിലെ ബെള്ളിഗെയിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയും ടയര്‍ പൊട്ടുകയും ചെയ്തു. ഇതോടെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് എക് സൈസ് കെമു (എക്സൈസ് മൊബൈല്‍ ഇന്റര്‍വേഷന്‍ യൂണിറ്റ്) യൂണിറ്റിലെ പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്ല, എക് സൈസ് അസി. കമ്മീഷണര്‍ ജനാര്‍ദ്ദനനെ വിവരമറിയിച്ചു.
പിന്നാലെ അസി. കമ്മീഷണറെത്തി കാറില്‍ പരിശോധന നടത്തിയപ്പോള്‍ 1,0,1700 രൂപ, 140.6 ഗ്രാം സ്വര്‍ണ്ണം, 339.2 ഗ്രാം വെള്ളി ആഭരണങ്ങള്‍, താക്കോലുകള്‍, തകര്‍ന്ന പൂട്ട്, ഗ്യാസ് കട്ടര്‍, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.
അന്വേഷണത്തില്‍ കാറില്‍ ഘടിപ്പിച്ചത് വ്യാജ നമ്പര്‍ പ്ലേറ്റാണെന്നും വ്യക്തമായി. കര്‍ണ്ണാടകയില്‍ നിന്ന് കവര്‍ച്ച ചെയ്ത മുതലുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചതായാണ് സംശയിക്കുന്നത്. കാറും വസ്തുക്കളും എക്സൈസ് ആദൂര്‍ പൊലീസിന് കൈമാറി.
പരിശോധനയില്‍ എക് സൈസ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അജീസ്, പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, രാജേഷ്, ബദിയടുക്ക, എക് സൈസ് ഇന്‍സ്പെക്ടര്‍ സയ്യിദ് മുഹമ്മദ്, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ അലോക് ഗുപ്ത, ലിഖിന്‍ എന്നിവരും പങ്കെടുത്തു.