'ഞങ്ങള്‍ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലും' - പരോക്ഷ വിമര്‍ശനവുമായി മന്ത്രി റിയാസ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ ഇരിപ്പിടം നല്‍കിയതില്‍ പരോക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിഴിഞ്ഞം തുറമുഖത്തിന്റെ സദസ്സില്‍ നിന്ന് ചിത്രം പങ്കുവെച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ റിയാസ് വിമര്‍ശനം ഉന്നയിച്ചത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, മുന്‍മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല എന്നിവരും മന്ത്രിയുടെ സെല്‍ഫി ഫോട്ടോയിലുണ്ട്. 'ഞങ്ങള്‍ സദസ്സിലുണ്ട് , രാജീവ് ചന്ദ്രശേഖര്‍ വേദിയിലും' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സമാന വിമര്‍ശനം റിയാസ് നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.'ധനമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാര്‍ സദസ്സിലിരിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് വേദിയില്‍ ഇരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തേ വന്ന് സര്‍ക്കാര്‍ പരിപാടിയില്‍ ഇരിക്കുകയാണ്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണ്. ജനാധിപത്യ വിരുദ്ധമല്ലേ?, ഇരിക്കുന്ന ഇയാള്‍ക്ക് മാന്യത വേണ്ടേ? അല്‍പ്പത്തരമല്ലേ, എന്നിട്ട് സ്റ്റേജിലിരുന്നു മുദ്രാവാക്യം വിളിക്കുകയാ. ഇത് മലയാളി പൊറുക്കില്ല.' എന്നാണ് റിയാസ് പറഞ്ഞത്.