അവധിദിനത്തില്‍ പഞ്ചായത്ത് കുളത്തില്‍ നീന്തുന്നതിനിടെ മെഡിക്കല്‍ ഷോപ്പുടമ മുങ്ങിമരിച്ചു
കുറ്റിക്കോല്‍ പൊടിപ്പള്ളത്ത് താമസിക്കുന്ന ജെയിംസ് ജോസഫ് ആണ് മരിച്ചത്

കുറ്റിക്കോല്‍: അവധി ദിനത്തില്‍ വീട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ മെഡിക്കല്‍ ഷോപ്പുടമ നീന്തുന്നതിനിടെ മുങ്ങി മരിച്ചു. കുറ്റിക്കോല്‍ പൊടിപ്പള്ളത്ത് താമസിക്കുന്ന ജെയിംസ് ജോസഫ്(59) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബേഡകം കാഞ്ഞിരിത്തിങ്കാലില്‍ മാതാ മെഡിക്കല്‍സ് നടത്തുന്ന ജെയിംസ് ഞായറാഴ്ച പള്ളി സന്ദര്‍ശനത്തിന് ശേഷം ഭാര്യയോടും മക്കളോടും സുഹൃത്തിനുമൊപ്പം പഞ്ചായത്ത് അധീനതയിലുള്ള തോര്‍ക്കുളം നീന്തല്‍ കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു.
നീന്തല്‍ അറിയുന്ന ജെയിംസ് മുങ്ങി നിവരാത്തതിനാല്‍ സംശയം തോന്നി നോക്കിയപ്പോള്‍ വെള്ളത്തിനടിയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പരിസരവാസികളുടെ സഹായത്തോടെ ഉടന്‍ തന്നെ പുറത്തേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീന്തുന്നതിനിടെ ശ്വാസതടസം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
റിട്ട. പ്രധാനാധ്യാപകന്‍ പി.സി ജോസഫിന്റെയും പെണ്ണമ്മയുടെയും മകനാണ്. ലിസിയാണ് ഭാര്യ. മക്കള്‍: ബ്രിഡ്ജ് മരിയ ജെയിംസ്(കാനറാ ബാങ്ക് കാഞ്ഞങ്ങാട്), ജോസഫ് (ബംഗളൂരു), കുര്യാസ്. സഹോദരങ്ങള്‍: ജാന്‍സി, മിന്‍സി, സിറിയക്ക്, ജോസി.