നടപടികള്‍ എങ്ങുമെത്തിയില്ല; കാസര്‍കോട് ബസ് സ്റ്റാന്‍ഡ് കയ്യടക്കി കന്നുകാലികള്‍

വെള്ളിയാഴ്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കയ്യേറിയ കന്നുകാലി കൂട്ടം
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ അലയുന്ന കന്നുകാലി ശല്യത്തിന് തടയിടുമെന്ന നഗരസഭയുടെ ഉറപ്പ് ഫലംകണ്ടില്ല. കന്നുകാലികളെ പിടിച്ചുകെട്ടുന്നതിന് ചെന്നിക്കരയില്‍ സ്ജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി പിഴ ഈടാക്കുമെന്നും ലേലം ചെയ്യുമെന്നും നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായി. ചൊവ്വാഴ്ച രാവിലെ പതിനഞ്ചോളം കന്നുകാലികളാണ് ബസ് സ്റ്റാന്‍ഡിലേക്കെത്തിയത്. ഇത് കാല്‍നടയാത്രക്കാര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും വാഹനങ്ങള്‍ക്കുമുണ്ടാക്കിയ പ്രയാസം ചില്ലറയല്ല. ബസ് സ്റ്റാന്‍ഡ് കാലികള്‍ കയ്യേറുന്നതുകൊണ്ടുതന്നെ യാത്രക്കാര്‍ മൂക്കുപൊത്തി നില്‍ക്കേണ്ട സാഹചര്യമാണ്.
കഴിഞ്ഞ ജൂലൈയിലാണ് പൊതുസ്ഥലങ്ങളില്‍ കന്നുകാലികള്‍ അലയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്നും കന്നുകാലികളെ അതാത് ഉടമസ്ഥര്‍ കെട്ടി പരിപാലിക്കാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ പിഴ ഈടാക്കുകയും പിടിച്ചെടുത്ത കന്നുകാലികളെ ലേലം ചെയ്തു വില്‍ക്കുകയും അതിനു വരുന്ന ചിലവുകള്‍ ഉടമസ്ഥരില്‍ നിന്ന് ഈടാക്കുകയും ചെയ്യുമെന്നും നഗരസഭ മുന്നറിയിപ്പ് നല്‍കിയത്. പിന്നാലെ പിടിച്ചെടുത്ത കന്നുകാലികളെ പാര്‍പ്പിക്കാന്‍ നുള്ളിപ്പാടി ചെന്നിക്കരയില്‍ 20 വര്‍ഷം മുമ്പ് നിര്‍മിച്ച പൗണ്ട് വൃത്തിയാക്കി സജ്ജീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നടപടികളെങ്ങുമെത്തിയില്ല.