മീസില്‍സ് -റുബെല്ല നിവാരണ ക്യാമ്പയിന്‍ മേയ് 31 വരെ; ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു

കാസർകോട്: ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരള സര്‍ക്കാര്‍ 2025 മേയ് രണ്ട് മുതല്‍ 31 വരെ മീസില്‍സ്-റുബെല്ല നിവാരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. മീസില്‍സ് -റുബെല്ല നിവാരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു. ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. 2026 ഡിസംബറോടെ മീസില്‍സും റുബെല്ലയും നിവാരണം ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പയിനില്‍ പൊതുജനങ്ങള്‍ പൂര്‍ണ്ണമായും ഭാഗമാകണമെന്നും ക്യാമ്പയിനിന്റെ വിജയത്തിന് മുഴുവന്‍ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. മീസില്‍സ്-റുബെല്ല നിവാരണ ലക്ഷ്യം കൈവരിക്കുന്നതിനായി വാക്‌സിനേഷന്‍ കവറേജ് കുറവായ പ്രദേശങ്ങള്‍, അതിഥിതൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, മറ്റു രോഗ സാധ്യത കൂടിയ പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഈ ക്യാമ്പയിന്‍ ശക്തിപ്പെടുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടുപോയവര്‍, ഓര്‍ഫനേജ് തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് വേണ്ടി ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ അവിടെ തന്നെ ഔട്ട്‌റീച്ച് ഇമ്മ്യൂണൈസേഷന്‍ ക്യാമ്പ് ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചു. ലേബര്‍ ക്യാമ്പുകളില്‍ വസിക്കുന്ന ഒമ്പത് മാസം തികഞ്ഞ കുട്ടികള്‍ക്ക് എം.ആര്‍.1 വാക്സിന്റെ ആദ്യ ഡോസ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി. മുഴുവന്‍ ലേബര്‍ ക്യാമ്പുകളും സന്ദര്‍ശിച്ച് വാക്സിന് അര്‍ഹരായ കുട്ടികളുടെ പട്ടിക തയ്യാറാക്കി മൂന്ന് ദിവസത്തിനകം ആരോഗ്യ വകുപ്പിന് വിവരം കൈമാറാനും നിര്‍ദേശം നല്‍കി. അങ്കണവാടികളില്‍ വരാത്തതോ തത്തുല്യമായ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതോ ആയ കുട്ടികളെക്കൂടി വാക്സിന്‍ ക്യാമ്പയിന്റെ ഭാഗമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്‍കി.
ഇന്ന് (മെയ് 17 ) എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്ര പരിധിയിലെ പട്ടികവര്‍ഗ മേഖലയില്‍ നടക്കുന്ന കൊലയാക്കൂട്ടം പരിപാടിയില്‍ എം.ആര്‍ വാക്സിനേഷന്‍ ക്യാമ്പയിന്റെ ബോധവത്കരണ പ്രവര്‍ത്തനം നടക്കുന്നത് അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ വാക്സിനേഷന്‍ ലഭിക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കാനും വാക്സിനേഷന്‍ നിരക്ക് 100 ശതമാനത്തിലേക്ക് എത്തിക്കാനുമുള്ള പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
നാല് ഘട്ടങ്ങളായാണ് ക്യാമ്പയിന്‍ നടത്തുന്നത്. മെയ് രണ്ട് മുതല്‍ 10 വരെയുള്ള ആദ്യഘട്ടത്തില്‍ വാക്‌സിന്‍ എടുക്കേണ്ടതും നിലവില്‍ എടുത്തിട്ടില്ലാത്തതുമായ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. രണ്ടാം ഘട്ടം മെയ് 11- 18 വരെ ഐ.ഇ.സി. പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍ സെക്ടറല്‍ യോഗങ്ങള്‍, സ്റ്റേക്ക് ഹോള്‍ഡര്‍മാരുമായുള്ള യോഗങ്ങള്‍ എന്നിവ വാര്‍ഡ് തലത്തിലും സ്ഥാപനതലത്തിലും സംഘടിപ്പിച്ചു വരുന്നു. മൂന്നാം ഘട്ടത്തില്‍ മെയ് 19- 27വരെ വാക്‌സിന വിമുഖത കൂടുതലുള്ള പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഔട്ട് റീച്ച് സെഷനുകളും നടത്തും. നാലാം ഘട്ടം മെയ് 28 മുതല്‍ 31 വരെ വാക്്‌സിനേഷന് വിമുഖത കാണിക്കുന്നരക്ഷിതാക്കളെ ലക്ഷ്യമിട്ട് ഗൃഹ സന്ദര്‍ശനമുള്‍പ്പെടെയുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതാണ്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാമ്പയിന്റെ വിവരങ്ങള്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷാന്റി കെ കെ,ഡോ.ബേസില്‍ വര്‍ഗീസ് എന്നിവര്‍ വിവരിച്ചു. വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.