ക്ലിനിക്കിലെത്തി ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു; മണിക്കൂറുകള്‍ക്കകം മോഷ്ടാവ് പൊലീസ് പിടിയില്‍
തമ്പുരാന്‍ ഡോക്ടറെന്ന് അറിയപ്പെടുന്ന ഡോ. കെ.സി.കെ രാജയുടെ ക്ലിനിക്കില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത്

കാഞ്ഞങ്ങാട്: ഡോക്ടറുടെ ക്ലിനിക്കില്‍ പിരിവിനെത്തിയ യുവാവ് മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞതായി പരാതി. പരാതി ലഭിച്ച് മൂന്നരമണിക്കൂറിനകം ഫോണ്‍ സഹിതം യുവാവിനെ പൊലീസ് പിടികൂടി. ബുധനാഴ്ച നീലേശ്വരത്ത് നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. തമ്പുരാന്‍ ഡോക്ടറെന്ന് അറിയപ്പെടുന്ന ഡോ. കെ.സി.കെ രാജയുടെ ക്ലിനിക്കില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത്.
നിരവധി പേര്‍ ക്ലിനിക്കില്‍ എത്തിയിരുന്നതിനാല്‍ ആരുടെയും മുഖം ഓര്‍മ്മിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് ഒരു സ്വാമി വന്ന കാര്യം ഓര്‍മ്മ വന്നത്. അദ്ദേഹത്തിന്റെ കൂടി സഹായത്തോടെ ക്ലിനിക്കില്‍ എത്തിയവരെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പിരിവിനെത്തിയ ആളെക്കുറിച്ചുള്ള വിവരം കിട്ടുന്നത്. അയാളുടെ നമ്പര്‍ ശേഖരിച്ച് സ്വാമിയെ കൊണ്ട് വിളിച്ചപ്പോള്‍ കണ്ണൂരില്‍ എത്തിയതായി അറിഞ്ഞു.
ഫോണ്‍ കാണാനില്ലെന്ന വിവരം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരേയും അറിയിച്ചിരുന്നു. തുടര്‍ന്ന് പിരിവുകാരന്റെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പയ്യന്നൂര്‍ ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് ട്രെയിനില്‍ സഞ്ചരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് യുവാവിനെ വിളിച്ച് മൊബൈല്‍ ഫോണിനെ കുറിച്ച് തിരക്കിയപ്പോള്‍ കൈവശമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ ഫോണ്‍ ഉടന്‍ തന്നെ എത്തിക്കാന്‍ ആവശ്യപ്പെടുകയും സ്റ്റേഷനിലെത്തി ഫോണ്‍ കൈമാറുകയുമായിരുന്നു. ജനമൈത്രി ഓഫീസര്‍ ദിലീഷ് പള്ളിക്കൈയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എന്നാല്‍ സംഭവത്തില്‍ ഡോക്ടര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.