കൊളത്തൂരില്‍ വീടിന്റെ ഓടിളക്കി സ്വര്‍ണവും തുണിത്തരങ്ങളും കവര്‍ന്നു: പ്രതി അറസ്റ്റില്‍

കൊളത്തൂര്‍ മനിയാരം കൊച്ചിയിലെ ഭാസ്‌കരനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.

ബേഡകം: കൊളത്തൂരില്‍ വീടിന്റെ ഓടിളക്കി അകത്തുകടന്ന് സ്വര്‍ണവും തുണിത്തരങ്ങളും കവര്‍ച്ച ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ മനിയാരം കൊച്ചിയിലെ ഭാസ്‌കരനെ(45)യാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.

കൊളത്തൂര്‍ നാറക്കോട്ടെ സരോജിനി(62)യുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ സരോജിനി രാത്രിയില്‍ സമീപത്തെ മകളുടെ വീട്ടിലാണ് താമസിക്കാറുള്ളത്. പിറ്റേദിവസം രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. ഏണി ഉപയോഗിച്ച് വീടിന് മുകളില്‍ കയറി ഓടിളക്കി മാറ്റിയ ശേഷം അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്ന് അരപ്പവന്റെ സ്വര്‍ണവും നാലോളം സാരികളും മോഷ്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു.

കവര്‍ച്ചക്ക് ശേഷം വീണ്ടും മേല്‍ക്കൂരയില്‍ കയറിയ മോഷ്ടാവ് ഓടുകള്‍ തിരികെ വെച്ചതിന് ശേഷമാണ് പോയത്. സരോജിനിയുടെ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് മോഷണത്തിന് പിന്നില്‍ ഭാസ്‌കരനാണെന്ന് വ്യക്തമായത്. മോഷണം പോയ സ്വര്‍ണവും തുണിത്തരങ്ങളും പൊലീസ് കണ്ടെടുത്തു.

Related Articles
Next Story
Share it