ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ സഹായിച്ച് 10 ലക്ഷം രൂപ വാങ്ങിയ കാസര്‍കോട്ടെ യുവതിയും സഹോദരനും കോട്ടയത്ത് പിടിയില്‍
മിയാപദവിലെ ബി.റസിയ, സഹോദരന്‍ അബ്ദുള്‍ റഷീദ് എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ സഹായിച്ച് 10 ലക്ഷം രൂപ വാങ്ങിയ കാസര്‍കോട്ടെ യുവതിയും സഹോദരനും കോട്ടയത്ത് പൊലീസ് പിടിയിലായി. കാസര്‍കോട് മിയാപദവിലെ ബി.റസിയ(40), സഹോദരന്‍ അബ്ദുള്‍ റഷീദ്(38) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
എരുമേലി ചേനപ്പാടി സ്വദേശിയുടെ 18.24 ലക്ഷം രൂപ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തുവെന്ന കേസിലെ പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന് റസിയയും അബ്ദുള്‍ റഷീദും കൂട്ടുനിന്നതായി വ്യക്തമായത്. വാട്സ് ആപ്പ് ഗ്രൂപ്പുവഴിയാണ് തട്ടിപ്പ് സംഘം എരുമേലി സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്.
പ്രതികള്‍ നല്‍കിയ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് എരുമേലി സ്വദേശി പല തവണകളായി പണം അയച്ചുകൊടുക്കുകയായിരുന്നു. ഇവരുടെ അക്കൗണ്ടില്‍ നിന്ന് റസിയയുടെയും അബ്ദുള്‍ റഷീദിന്റെയും അക്കൗണ്ടുകളിലേക്ക് 5.20 ലക്ഷം രൂപ വീതം അയച്ചുകൊടുക്കുകയായിരുന്നു.