കാസര്‍കോട്ടെ ലോട്ടറി സ്റ്റാള്‍ കേന്ദ്രീകരിച്ച് ഒറ്റനമ്പര്‍ ചൂതാട്ടം; മൂന്നുപേര്‍ അറസ്റ്റില്‍

ടൗണ്‍ എസ്.ഐ കെ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

കാസര്‍കോട് : നഗരത്തിലെ ലോട്ടറി സ്റ്റാള്‍ കേന്ദ്രീകരിച്ച് ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയലിലെ കെ യോഗേഷ്(38), തമിഴ് നാട് സ്വദേശിയും അടുക്കത്ത് ബയല്‍ ഗുഡെ ടെമ്പിള്‍ റോഡില്‍ താമസക്കാരനുമായ അറിവഴകന്‍(26), കര്‍ണ്ണാടക സ്വദേശിയും കോട്ടക്കണ്ണി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ശിവണ്ണ ബസപ്പ(47) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ കെ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ കൊറഗജ്ജ ലോട്ടറി സ്റ്റാളില്‍ പരിശോധന നടത്തിയാണ് ചൂതാട്ടസംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് 9080 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

ആളുകളോട് പണം വാങ്ങി മൊബൈല്‍ ഫോണുകളും കടലാസുകളും ഉപയോഗിച്ച് ഒന്നും രണ്ടും അക്കം എഴുതി വാങ്ങിയ ശേഷം വാട് സ് ആപ്പ് ഗ്രൂപ്പുകളില്‍ അയച്ചുകൊടുത്തും മറ്റും പ്രതികള്‍ നിയമവിരുദ്ധമായി ലോട്ടറി വ്യാപാരം നടത്തിയതിനാണ് പൊലീസ് കേസെടുത്തത്.

Related Articles
Next Story
Share it