ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ 18 കാരനെ ഉടനടി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ബാങ്ക് ജീവനക്കാരന് അഭിനന്ദന പ്രവാഹം

കാഞ്ഞങ്ങാട്ടെ എസ്.ബി.ഐ ബാങ്ക് ജീവനക്കാരനും ചീരമകാവ് നിവാസിയുമായ ഗിരീഷ് കുമാര്‍ ആണ് ഒരു കൗമാരക്കാരന്റെ ജീവന്‍ രക്ഷിച്ച് താരമായത്

കാസര്‍കോട്: ട്രെയിനിടിച്ച് പരിക്കേറ്റ 18 കാരനെ ഉടനടി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ബാങ്ക് ജീവനക്കാരന് അഭിനന്ദന പ്രവാഹം. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ മെയ് 23 ന് വൈകുന്നേരമാണ് സംഭവം.

കാഞ്ഞങ്ങാട്ടെ എസ്.ബി.ഐ ബാങ്ക് ജീവനക്കാരനും ചീരമകാവ് നിവാസിയുമായ ഗിരീഷ് കുമാര്‍ ആണ് ഒരു കൗമാരക്കാരന്റെ ജീവന്‍ രക്ഷിച്ച് താരമായത്. അദ്ദേഹത്തിന്റെ മനസ്സാന്നിധ്യവും ധൈര്യവും ഒന്നുകൊണ്ടു മാത്രമാണ് കുട്ടിയെ അപകടത്തില്‍ നിന്നും രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത്.

സംഭവം ഇങ്ങനെ:

മെയ് 23 ന് വൈകുന്നേരം 6 മണിയോടെ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാന്‍ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഗിരീഷ് കുമാര്‍. അപ്പോഴാണ് ഭയാനകമായ സംഭവം ഗിരീഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. യശ്വന്ത് പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തിയ സമയമായിരുന്നു. ട്രെയിന്‍ സ്റ്റേഷനില്‍ വേഗത കുറച്ച് കടന്ന് പോകുന്നതിനിടെ പ്ലാറ്റ് ഫോമിനടുത്ത് ഒരു യുവാവിനെ ഇടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടു.

ഇത് കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം എന്ത് ചെയ്യുമെന്നറിയാതെ സ്തബ്ധരായി നില്‍ക്കുന്നതിനിടെ ഗിരീഷ് സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കാന്‍ ഓടി, പിന്നാലെ ഒട്ടും താമസിപ്പിക്കാതെ ഇരയെ സഹായിക്കാന്‍ ട്രെയിനിന് അടുത്തേക്ക് ഒടിയെത്തി. ട്രെയിനിനടിയിലൂടെ ഇഴഞ്ഞുനീങ്ങി പരിക്കേറ്റ ആളിനടുത്തെത്താന്‍ ശ്രമിച്ചു.

ഇതുകണ്ട് കണ്ണൂര്‍ സര്‍വകലാശാലയിലെ പാലത്തടം കാമ്പസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ മേഘ് നയും അദ്ദേഹത്തോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയതോടെ ട്രെയിനിനടിയില്‍ കുടുങ്ങിയ കൗമാരക്കാരനെ ശ്രദ്ധാപൂര്‍വ്വം പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോടോത്ത് അംബേദ് കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ 18 കാരനായ കെ. അക്ഷയ് ആണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. അക്ഷയ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസം പ്രകടിപ്പിച്ച ഗിരീഷ് അക്ഷയ് സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നത് തനിക്ക് വളരെയധികം സമാധാനം നല്‍കിയെന്നും വ്യക്തമാക്കി. അതിനിടെ ഒരു കൗമാരക്കാരന്റെ ജീവന്‍ രക്ഷിച്ച ഗിരീഷിന് നേരെ അഭിനന്ദന പ്രവാഹമാണ്.

Related Articles
Next Story
Share it