ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാസര്‍കോട്ടെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കയ്യൂര്‍ പാലോത്തെ പി.വി സതീശന്‍ ആണ് മരിച്ചത്

കാസര്‍കോട്: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാസര്‍കോട്ടെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കയ്യൂര്‍ പാലോത്തെ പി.വി സതീശന്‍(50) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

സതീശന്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് കാസര്‍കോട്ട് തിരിച്ചെത്തിയത്. രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ സതീശനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കയ്യൂര്‍ പാലോത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സതീശന്‍ നേരത്തെ കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.

നിലവില്‍ പാലക്കാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ആസ്പത്രിയിലായത്. ഭാര്യ വിനി കലക്ട്രേറ്റ് ജീവനക്കാരിയായതിനാലാണ് സൗകര്യാര്‍ത്ഥം കാസര്‍കോട്ട് താമസിച്ചത്. പാലോത്തെ കണ്ണന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്. മക്കള്‍: ശ്രീദത്ത്, ശ്രീ നിധി.

Related Articles
Next Story
Share it