അനധികൃത മത്സ്യബന്ധനം; പിടിക്കപ്പെട്ടാല്‍ ശക്തമായ നടപടികളും പിഴയും ഈടാക്കും

പരാതികള്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അറിയിക്കാവുന്നതാണ്‌

കാസര്‍കോട്: മണ്‍സൂണ്‍ കാലവര്‍ഷത്തോടനുബന്ധിച്ച് പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരാഗമനമായ ഊത്ത എന്ന പേരിലറിയപ്പെടുന്ന ഊത്തകയറ്റം ഈ വര്‍ഷവും ആരംഭിച്ചിട്ടുണ്ട്. കായലിലേക്കും പുഴകളിലേക്കും മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുന്ന മത്സ്യങ്ങളുടെ ഇപ്രകാരമുള്ള പ്രയാണം സുഗമമായി നിലനിര്‍ത്തേണ്ടത് വംശനാശം നേരിടുന്നതും അല്ലാത്തതുമായ ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

ആയതിനാല്‍ ഊത്തപിടിത്തം സര്‍ക്കാര്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ നിയമലംഘനം നടത്തുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇത് മത്സ്യങ്ങളുടെ പ്രജനനത്തെയും അതുവഴി മത്സ്യോല്‍പാദനത്തെയും ബാധിക്കുന്നു. മത്സ്യങ്ങളുടെ വംശനാശ ഭീഷണി നേരിടുന്ന പ്രശ്നമായതിനാല്‍ പൊതുജന സഹകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ജനപ്രതിനിധികളുടെ ഇടപെടലും അനിവാര്യമാണ് എന്നും കാസര്‍കോട് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ 2010 ഉള്‍നാടന്‍ അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറീസ് ആക്ട് പ്രകാരം ശക്തമായ നടപടികളും പിഴയും ഈടാക്കുന്നതാണ്. പരാതികള്‍ 04672 202537 എന്ന ഫോണ്‍ നമ്പറില്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അറിയിക്കാവുന്നതാണ്.

Related Articles
Next Story
Share it