വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം; തൃശൂര്‍ സ്വദേശിയായ യുവാവ് കാസര്‍കോട് പൊലീസിന്റെ പിടിയില്‍
കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന് വിളിക്കുന്ന പ്രശോബ് പിഎസ് ആണ് കാസര്‍കോട് വനിതാ പൊലീസിന്റെ പിടിയിലായത്.

കാസര്‍കോട്: കേരളത്തിലുടനീളം സ്ത്രികളെ വശീകരിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം നടത്തിവരുന്ന ആളെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന് വിളിക്കുന്ന പ്രശോബ് പിഎസ് (36) ആണ് കാസര്‍കോട് വനിതാ പൊലീസിന്റെ പിടിയിലായത്.
മോഡലിംഗിലും മറ്റും അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും വിവാഹ വാഗ്ദാനം ഉള്‍പ്പെടെ നല്‍കിയുമാണ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. പ്രധാനമായും വിവാഹ മോചനം നേടിയ സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്. കാസര്‍കോട് സ്വദേശിനിയായ സ്ത്രിയുടെ പരാതിയിലാണ് വനിതാ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
തൃശൂര്‍ ആളൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ പരാതിക്കാരായ സ്ത്രീകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇയാളുടെ രീതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്ഡി ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി സുനില്‍ കുമാര്‍ സികെയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ SHO അജിത കെ, സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ നാരായണന്‍ എ.എസ്.ഐ ഷാജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ സമര്‍ത്ഥമായി പിടികൂടിയത്.