കനത്ത മഴ: കാസര്‍കോട്ട് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി; കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
അധികൃതര്‍ തീരപ്രദേശവാസികള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

കാസര്‍കോട്: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്ടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചെമ്മനാട്, പട് ള, തളങ്കര പടിഞ്ഞാര്‍, ബങ്കരക്കുന്ന്, കുദൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ വെള്ളം കയറി. ബങ്കരക്കുന്ന് കുദൂരിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. ഏകദേശം 50 ലധികം കുടുംബങ്ങള്‍ ഇതേ തുടര്‍ന്ന് ദുരിതത്തിലായി പുറത്തേക്ക് പോകാനാകാത്ത സ്ഥിതിയിലാണ്.
വാഹനങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കുന്നില്ല. ഓട്ടോറിക്ഷകള്‍ വരാന്‍ പറ്റാത്തതിനാല്‍ ദുരിതം നേരിടുന്നു. കുദൂര്‍ വയല്‍ നിറഞ്ഞ് നെല്ലിക്കുന്ന് പള്ളം വഴിയുള്ള തോടുകള്‍ നിറഞ്ഞൊഴുകുകയാണ്. ഇനിയും കനത്ത മഴ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാകും. പള്ളം പുഴയും തളങ്കര പടിഞ്ഞാര്‍, ചന്ദ്രഗിരി, മധുവാഹിനി പുഴകള്‍ നിറഞ്ഞൊഴുകുകയാണ്.
അധികൃതര്‍ തീരപ്രദേശവാസികള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇടയ്ക്കിടെ വീശുന്ന ശക്തമായ കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും അപകട ഭീഷണിയിലാണ്. വൈദ്യുതി കമ്പികളില്‍ തട്ടി നിന്ന് അപകടത്തിനിടയാക്കുന്ന മരങ്ങളും തെങ്ങുകളും മഴയ്ക്ക് മുമ്പ് അധികൃതര്‍ മുറിച്ച് നീക്കാത്തതും പ്രശ്നങ്ങളാണ്. നഗരത്തിലെ മിക്ക കിണറുകളിലും വെള്ളം നിറഞ്ഞു. തോടുകളും കുളങ്ങളും നിറഞ്ഞൊഴുകുന്നു.