ഉപേക്ഷിച്ച കാറില്‍ നിന്ന് സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങളും ചുറ്റികയും കണ്ടെടുത്ത സംഭവം; രക്ഷപ്പെട്ട രണ്ടംഗസംഘത്തെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു

കാറില്‍ നിന്നും കണ്ടെടുത്ത കാര്‍ഡുകളിലൊന്ന് അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ യാസിംഖാന്റേതാണെന്നാണ് സൂചന.

ആദൂര്‍: എക് സൈസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ബദിയടുക്ക- മുള്ളേരിയ റോഡിലെ ബെള്ളിഗെയില്‍ ഉപേക്ഷിച്ച കാറില്‍ നിന്ന് സ്വര്‍ണ്ണം- വെള്ളി ആഭരണങ്ങളും ചുറ്റികയും അടക്കം കണ്ടെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ആദൂര്‍ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക് സൈസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വെള്ള സ്വിഫ്റ്റ് കാര്‍ എക്സൈസ് പിന്തുടര്‍ന്നതോടെ ബെള്ളിഗെയില്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയും ടയര്‍ പൊട്ടുകയും ചെയ്തിരുന്നു.

ഇതോടെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എക്സൈസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് 1,0,1700 രൂപ, 140.6 ഗ്രാം സ്വര്‍ണ്ണം, 339.2 ഗ്രാം വെള്ളി ആഭരണങ്ങള്‍, താക്കോലുകള്‍, തകര്‍ന്ന പൂട്ട്, ഗ്യാസ് കട്ടര്‍, നാല് മൊബൈല്‍ ഫോണുകള്‍, നാല് ആധാര്‍ കാര്‍ഡുകള്‍ എന്നിവയാണ് കണ്ടെടുത്തത്.

കാറും കസ്റ്റഡിയിലെടുത്ത മുതലുകളും എക് സൈസ് ആദൂര്‍ പൊലീസിന് കൈമാറുകയാണുണ്ടായത്. കണ്ടെടുത്ത കാര്‍ഡുകളിലൊന്ന് അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ യാസിംഖാന്റേതാണെന്നാണ് സൂചന. മറ്റ് മൂന്നു കാര്‍ഡുകളിലൊന്ന് കര്‍ണ്ണാടക സ്വദേശിയുടേതും മറ്റ് രണ്ടെണ്ണം മഹാരാഷ്ട്ര സ്വദേശികളുടേതുമാണ്.

കര്‍ണ്ണാടകയില്‍ നിന്ന് കവര്‍ച്ച നടത്തിയ ശേഷം കാറില്‍ പോകുന്നതിനിടെ ആദൂരില്‍ നിന്നും എക് സൈസ് പിന്തുടരുകയും ഇതോടെ കാര്‍ ഉപേക്ഷിച്ച് രണ്ടംഗസംഘം രക്ഷപ്പെടുകയും ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതോടെ പൊലീസ് അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.

Related Articles
Next Story
Share it