സൈക്കിള്‍ ചെയിനില്‍ കാല്‍ കുടുങ്ങി; രക്ഷകരായി അഗ്നി ശമന സേന
നാട്ടുകാര്‍ ദീര്‍ഘനേരം കാല്‍മുട്ട് ഊരിയെടുക്കുവാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ കാസര്‍കോട്ടെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

തളങ്കര: കളിക്കുന്നതിനിടെ സൈക്കിളില്‍ നിന്നും വീണ് ചെയിനിന്റെ ഇടയില്‍ കാല്‍മുട്ട് കുടുങ്ങിയ 6 വയസുകാരന് രക്ഷകരായി അഗ്നിശമന സേന. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. സൈക്കിള്‍ ഓടിച്ചു കളിക്കുന്നതിനിടെ തളങ്കര ജദീദ് റോഡിലെ സലീമീന്റെ മകന്‍ ഹാത്തിം(ആറുവയസ്സ്) സൈക്കിളില്‍ നിന്ന് വീഴുകയും വീഴ്ചയില്‍ ചെയിനിന്റെ ഇടയില്‍ കാല്‍മുട്ട് കുടുങ്ങുകയും ആയിരുന്നു.
നാട്ടുകാര്‍ ദീര്‍ഘനേരം കാല്‍മുട്ട് ഊരിയെടുക്കുവാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ കാസര്‍കോട്ടെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനയെത്തി സൈക്കിളിന്റെ ചെയിന്‍ മുറിച്ച് നീക്കി കുട്ടിയുടെ കാല്‍ എടുത്തുമാറ്റുകയായിരുന്നു. കാലിനു മുറിവ് പറ്റിയതിനാല്‍ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
സേനാംഗങ്ങളായ രമേശ എം, രാജേഷ് പി.ടി, അമല്‍രാജ്, ജിതിന്‍ കൃഷ്ണന്‍ കെവി, വൈശാഖ് എം എ, ഹോം ഗാര്‍ഡ് രാജു വി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.