വാതില്‍ ലോക്കായതിനെ തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ കുടുങ്ങിയ ഒന്നരവയസുകാരിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

കാസര്‍കോട് തായലങ്ങാടിയിലെ മുഹമ്മദ് സനാഹിന്റെ മകള്‍ ഫിതറാ അസിയയാണ് കിടപ്പുമുറിയില്‍ അകപ്പെട്ടത്.

കാസര്‍കോട്: വാതില്‍ ലോക്കായതിനെ തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ കുടുങ്ങിയ ഒന്നര വയസുകാരിയെ അഗ്‌നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. കാസര്‍കോട് തായലങ്ങാടിയിലെ മുഹമ്മദ് സനാഹിന്റെ മകള്‍ ഫിതറാ അസിയയാണ് കിടപ്പുമുറിയില്‍ അകപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം.

മാതാവ് കുട്ടിയെ ഉറക്കാന്‍ കിടത്തിയ സമയത്ത് അബദ്ധത്തില്‍ വാതില്‍ ലോക്കാകുകയായിരുന്നു. വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ് സ് ഉദ്യോഗസ്ഥര്‍ ഡോര്‍ ബ്രേക്കര്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് കുട്ടിയെ പുറത്തെത്തിച്ചു.

രക്ഷപ്പെടുത്തുന്നത് വരെയും കുഞ്ഞ് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നത് വീട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. കുഞ്ഞിനെ രക്ഷിച്ചതോടെ അവര്‍ക്ക് ആശ്വാസമായി. മാതാവിനെ കണ്ടതോടെയാണ് കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഡ്രൈവര്‍ വി.കെ ഷൈജു, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി അമല്‍രാജ്, കെ.വി ജിതിന്‍ കൃഷ്ണന്‍, വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഒ.കെ അനുശ്രീ, ഹോംഗാര്‍ഡ് എസ് സോബിന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles
Next Story
Share it