കോഴിക്കോട്ട് വിവാഹസംഘം സഞ്ചരിച്ച ബസിനും പൊലീസ് വാഹനത്തിനും നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു; കാസര്‍കോട് സ്വദേശികളുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

അക്രമികളെ പിടികൂടിയത് നാട്ടുകാര്‍

കാസര്‍കോട്: കൊടുവള്ളിയില്‍ വിവാഹസംഘം സഞ്ചരിച്ച ബസിന് നേരെയും പൊലീസ് വാഹനത്തിന് നേരെയും സ്ഫോടകവസ്തുക്കളെറിയുകയും ബസിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു.

കാസര്‍കോട്ടെ ഷെമീര്‍, കാഞ്ഞങ്ങാട് കൊളവയലിലെ അസീസ്, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അജ് മല്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. കൊടുവള്ളി ദേശീയപാതയില്‍ വെണ്ണക്കാട് പെട്രോള്‍ പമ്പില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്ന ബസിന് നേരെയാണ് സംഘം ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ എറിഞ്ഞത്.

ബസിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. സമീപത്തെ വിവാഹ മണ്ഡപത്തിലേക്കെത്തിയ ബസ് ആളുകളെ ഇറക്കിയ ശേഷം തിരിക്കാനായി പെട്രോള്‍ പമ്പിലേക്ക് കയറ്റുന്നതിനിടെ അതുവഴി വന്ന കാറില്‍ ഉരസിയിരുന്നു. കാറിലുണ്ടായിരുന്നവര്‍ ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ബസ് പെട്രോള്‍ പമ്പില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഉഗ്രശേഷിയുള്ള രണ്ട് പടക്കങ്ങള്‍ ബസിന് നേരെ എറിഞ്ഞു.

ബസ് ജീവനക്കാരനെ ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതിന് ശേഷം സംഘം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. സംഭവമറിഞ്ഞ് പൊലീസ് പിന്തുടരുന്നതിനിടെ പൊലീസ് വാഹനത്തിന് നേരെയും സ്ഫോടകവസ്തു എറിഞ്ഞു. മടവൂര്‍മുക്ക് പള്ളിത്താഴം വയല്‍ ഭാഗത്തെത്തിയപ്പോള്‍ സംഘം കാര്‍ നിര്‍ത്തി ഓടുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it