ഭൗമസൂചികാ പദവി കാത്ത് എരിക്കുളം കളിമണ്‍ പാത്രങ്ങള്‍; നടപടികള്‍ അവസാന ഘട്ടത്തില്‍

എരിക്കുളത്തെ കളിമണ്‍ പാത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക് എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജി.ഐ പദവി ലഭിക്കുന്നതോടെ കൂടുതല്‍ ഊര്‍ജമേകുമെന്ന് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത പറഞ്ഞു.

കാസര്‍കോട്: ഭൗമ സൂചികാ പദവിക്കായുള്ള (ജി.ഐ ടാഗ്) കാത്തിരിപ്പിലാണ് മടിക്കൈ ഗ്രാമ പഞ്ചായത്തിലെ എരിക്കുളത്തെ കളിമണ്‍ പാത്രങ്ങള്‍. 2023ല്‍ ആരംഭിച്ച നടപടികള്‍ അവസാനഘട്ടത്തിലാണ്. ചെന്നൈ ആസ്ഥാനമായ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്ട്രി ആണ് ഭൗമ സൂചികാ പദവി അനുവദിക്കേണ്ടത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. നബാര്‍ഡും ജില്ലാ വ്യവസായ കേന്ദ്രവും മടിക്കൈ ഗ്രാമ പഞ്ചായത്തും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയാണ്. നബാര്‍ഡ് ആണ് സാമ്പത്തിക സഹായം നല്‍കുന്നത്.

എരിക്കുളത്തെ കളിമണ്‍ പാത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക് എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജി.ഐ പദവി ലഭിക്കുന്നതോടെ കൂടുതല്‍ ഊര്‍ജമേകുമെന്ന് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത പറഞ്ഞു. ടൂറിസം മേഖലയ്ക്കും ഇത് പുത്തന്‍ ഉണര്‍വേകും. പൈതൃക സംരക്ഷണം എന്ന പേരില്‍ ഈ മേഖലയെ സംരക്ഷിച്ച് നിര്‍ത്തേണ്ടത് ഏറെ അനിവാര്യമാണെന്നും പ്രസിഡണ്ട് പറഞ്ഞു.

എരിക്കുളത്തിന്റെ മണ്‍പാത്ര കഥ

എരിക്കുളത്തെ കളിമണ്‍ പാടത്തിനും കളിമണ്‍ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പറയാനുള്ളത് വര്‍ഷങ്ങളുടെ കഥയാണ്. ഒരു ദേശത്തെയാകെ തൊഴില്‍ കൊണ്ട് അടയാളപ്പെടുത്തിയ പാരമ്പര്യം. കളിമണ്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലൂടെയാണ് മടിക്കൈ പഞ്ചായത്തിലെ എരിക്കുളം കേരളത്തിന് പരിചിതമാകുന്നത്. കാലങ്ങളായി കൈമാറിവരുന്ന കുലത്തൊഴില്‍. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കളിമണ്‍ പാടങ്ങളില്‍ നിന്ന് നെല്‍കൃഷിയും പച്ചക്കറി കൃഷിയും കഴിഞ്ഞ് കളിമണ്‍ കുഴിച്ചെടുക്കും. പിന്നെ കുഴച്ച് ചക്രത്തിലിട്ട് കരവിരുതില്‍ വിരിയുന്ന വിവിധ രൂപാന്തരങ്ങള്‍. എരിയുന്ന തീച്ചൂളയില്‍ നിന്നെടുക്കുന്ന ഉത്പന്നങ്ങള്‍ ഒരു ജനതയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. പതിറ്റാണ്ടുകളായി എരിക്കുളത്തെ നാന്നൂറോളം കുടുംബങ്ങളുടെ ഉപജീവനം നിര്‍ണയിക്കുന്നത് ഈ കളിമണ്‍ ഉത്പന്നങ്ങളാണ്. തികഞ്ഞ അധ്വാനത്തോടെ രൂപപ്പെടുത്തിയെടുക്കുന്ന കളിമണ്‍ ഉത്പന്നങ്ങള്‍ വരുമാനം നേടിക്കൊടുക്കുന്നതിനൊപ്പം ഇവിടുത്തെ സാംസ്‌കാരിക പിന്തുടര്‍ച്ച കൂടിയാണ്.

എന്താണ് ഭൗമസൂചികാ പദവി?

ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണമേന്‍മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയെ തിരിച്ചറിയാനാണ് ഭൗമസൂചികാ പദവി നല്‍കുന്നത്. മികച്ച ഗുണനിലവാരമാണ് മാനദണ്ഡം. സംസ്ഥാനത്ത് ആറന്‍മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്.

ജില്ലയില്‍ ആദ്യ പദവി കാസര്‍കോട് സാരീസിന്

ജില്ലയില്‍ നിലവില്‍ ഭൗമ സൂചിക പദവിയിലുള്ള ഏക ഉത്പന്നം കാസര്‍കോട് സാരീസാണ്. 1938ല്‍ ഉത്പാദനം തുടങ്ങിയ കാസര്‍കോട് സാരീസിന് 2011ലാണ് ഭൗമസൂചികാ പദവി ലഭിച്ചത്. കാസര്‍കോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലാണ് പ്രവര്‍ത്തനം. തിളക്കം മങ്ങാത്ത കാസര്‍കോട് സാരീസിന് ഭൗമസൂചികാ പദവി ലഭിച്ചതോടെ ആവശ്യക്കാരും കൂടി.

പ്രോത്സാഹനവുമായി ജില്ലാ വ്യവസായ കേന്ദ്രം

സംസ്ഥാനത്ത് ഭൗമ സൂചികാ പദവി ലഭിച്ച ഉത്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കാന്‍ മികച്ച മാര്‍ക്കറ്റിംഗ് രീതികള്‍ ഉപയോഗിക്കുന്നതിന് വ്യവസായ വകുപ്പ് പിന്തുണ നല്‍കുന്നുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയും ഉത്പാദകര്‍ക്ക് സഹായം നല്‍കിവരുന്നു. പദവി ലഭിച്ച ഉത്പന്നങ്ങളുടെ പ്രചാരവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേകം വെബ്സൈറ്റും രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. എരിക്കുളത്തെ കളിമണ്‍ പാത്രങ്ങള്‍ക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതോടെ കളിമണ്‍ ഉത്പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കാനാവുമെന്നും വ്യവസായ രംഗത്ത് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്ത് കുമാര്‍ പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it