ഓടിക്കൊണ്ടിരുന്ന മിനിലോറി കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു

പള്ളിക്കരയില്‍ നിന്ന് മല്‍സ്യവുമായി കര്‍ണ്ണാടക ഉള്ളാളിലേക്ക് പോകുകയായിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്

കാസര്‍കോട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന മിനിലോറി കത്തിനശിച്ചു. പള്ളിക്കരയില്‍ നിന്ന് മല്‍സ്യവുമായി കര്‍ണ്ണാടക ഉള്ളാളിലേക്ക് പോകുകയായിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ മൊഗ്രാല്‍ പുത്തൂരിലാണ് സംഭവം. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ മിനിലോറി റോഡരികില്‍ നിര്‍ത്തിയ ശേഷം ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.

മറ്റ് വാഹനയാത്രക്കാരും നാട്ടുകാരും മിനിലോറിയിലെ തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. മീന്‍ ശേഖരിച്ചുവെച്ചിരുന്ന പ്ലാസ്റ്റിക് പെട്ടികളും കത്തിനശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles
Next Story
Share it