ആദിവാസി പെണ്‍കുട്ടിയുടെ മരണം; പ്രതിയെ നുണപരിശോധനക്ക് വിധേയനാക്കാന്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ജില്ലാ കോടതി തള്ളി

കേസില്‍ അറസ്റ്റിലായ പ്രതി പാണത്തൂരിലെ ബിജു പൗലോസ് നുണപരിശോധനക്ക് വിസമ്മതിച്ചതാണ് കാരണം

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയെ നുണപരിശോധനക്ക് വിധേയനാക്കാന്‍ അനുമതി തേടിക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നല്‍കിയ ഹര്‍ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ അറസ്റ്റിലായ പ്രതി പാണത്തൂരിലെ ബിജു പൗലോസ് നുണപരിശോധനക്ക് വിസമ്മതിച്ചതാണ് ഹര്‍ജി തള്ളാന്‍ കാരണം.

പതിനഞ്ചുവര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചതായി തെളിവുകള്‍ ലഭിച്ചതോടെയാണ് മരണത്തിനുത്തരവാദിയായ ബിജു പൗലോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മഡിയനിലെ ക്വാര്‍ട്ടേഴ് സില്‍ ബിജു പൗലോസിനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പിന്നീട് മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ് സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നും ഈ വിവരം പുറത്തറിഞ്ഞാല്‍ അറസ്റ്റിലാകുമെന്ന് ഭയന്ന് മൃതദേഹം വാഹനത്തില്‍ കയറ്റി പാണത്തൂരിലേക്ക് കൊണ്ടുപോകുകയും പുഴയില്‍ കല്ലുകെട്ടി താഴ്ത്തുകയും ചെയ്തുവെന്നുമാണ് ബിജു പൗലോസ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

മഡിയനിലെ ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്നതിനിടെ തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് വിസമ്മതിച്ചതോടെ തങ്ങള്‍ വഴക്കുകൂടിയിരുന്നുവെന്നും ബിജു പൗലോസ് വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച പ്രശ്നം നിലനില്‍ക്കെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും പ്രതി മൊഴി നല്‍കി.

പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് സംശയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെങ്കിലും ബിജു പൗലോസ് ആത്മഹത്യയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതേ തുടര്‍ന്നാണ് ബിജു പൗലോസിനെ നുണപരിശോധനക്ക് വിധേയനാക്കുന്നതിനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് പൊലീസ് ഹൊസ് ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രതിയുടെ വിസമ്മതം കാരണം തള്ളുകയായിരുന്നു. ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഡി.ജി.പി രൂപീകരിച്ച അന്വേഷണസംഘം കഴിഞ്ഞമാസമാണ് ബിജു പൗലോസിനെ കര്‍ണ്ണാടകയില്‍ നിന്ന് പിടികൂടിയത്.

ക്രൈംബ്രാഞ്ച് ഐ.ജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴയില്‍ നിന്നും ലഭിച്ച എല്ലിന്‍ കഷണവും കൊലുസും പെണ്‍കുട്ടിയുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൊലപാതകമാണെന്ന് തെളിയിക്കുന്നതിന് പ്രതിയുടെ കുറ്റസമ്മതമൊഴി കൂടി ആവശ്യമാണ്.

Related Articles
Next Story
Share it