സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു; ഇ.പത്മാവതിയും സിജി മാത്യുവും പുതുമുഖങ്ങള്‍

സി. പ്രഭാകരന്‍, വി.കെ രാജന്‍ എന്നിവരെ ഒഴിവാക്കി

കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച രാവിലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ഇ. പത്മാവതി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റില്‍ പുതുതായി ഉള്‍പ്പെടുത്തി. സി. പ്രഭാകരന്‍, വി.കെ രാജന്‍ എന്നിവരെ ഒഴിവാക്കിയാണ് പത്മാവതിയേയും സിജി മാത്യുവിനേയും സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തത്.

എം.വി ഗോവിന്ദന്‍ മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായതിനെ തുടര്‍ന്ന് ഒഴിവായ ഡോ. വിപിപി മുസ്തഫയെ വീണ്ടും സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ എംവി ബാലകൃഷ്ണന് പകരമായാണ് മുസ്തഫയെ തിരഞ്ഞെടുത്തത്.

എം. രാജഗോപാലന്‍, പി. ജനാര്‍ദനന്‍, കെ.വി.കുഞ്ഞിരാമന്‍, കെ. ആര്‍ ജയാനന്ദ, എം.സുമതി, വിവി രമേശന്‍ എന്നിവര്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായി തുടരും. ജില്ലയിലെ വര്‍ഗ ബഹുജന സംഘടനാ കമ്മിറ്റികളുടെ പാര്‍ട്ടി ചുമതലകളും ബുധനാഴ്ച ജില്ലാ കമ്മിറ്റി യോഗത്തില്‍ നല്‍കും.

Related Articles
Next Story
Share it