ചെങ്ങറ പുനരധിവാസ പാക്കേജ്; പുതുക്കിയ സ്‌കെച്ച് നല്‍കാന്‍ ഉത്തരവ്

കാസര്‍കോട്: ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി അളന്നുതിരിച്ച് പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തി പുതുക്കിയ സ്‌കെച്ച് നല്‍കുന്നതിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖര്‍ ഉത്തരവിട്ടു. പാക്കേജ് പ്രകാരം ജില്ലയില്‍ അനുവദിച്ച ഭൂമി ഗുണഭോക്താക്കളുടെ സര്‍വ്വതോന്മുഖ വികസനം ലക്ഷ്യമിട്ട് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന് കൈമാറിയിരുന്നു. ഈ ഭൂമി റവന്യൂ വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കി ഗുണഭോക്താക്കള്‍ക്ക് നിലവിലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ച് നല്‍കുന്നതിന് 2021 മെയ് 10ന് ഉത്തരവായിരുന്നു.

ഹൊസ്ദുര്‍ഗ് താലൂക്കിലെ പെരിയ വില്ലേജ് സര്‍വേ നമ്പര്‍ 341/ഒന്നില്‍ ആണ് ഭൂമി അനുവദിച്ചത്. പട്ടയം അനുവദിച്ച 63 പേരില്‍ പട്ടികജാതി വിഭാഗത്തിന് 0.50 ഏക്കര്‍ വീതവും മറ്റു വിഭാഗങ്ങള്‍ക്ക് 0.25 ഏക്കര്‍ വീതവും അനുവദിച്ച് പട്ടയം നല്‍കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തിന് 0.08 ഏക്കര്‍ വീതം കിടപ്പാടത്തിനും 0.42 ഏക്കര്‍ വീതം കാര്‍ഷിക ആവശ്യത്തിനും ആണ് അനുവദിച്ചത്.

മറ്റു വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് 0.08 ഏക്കര്‍ വീതം കിടപ്പാടത്തിനും 0.17 ഏക്കര്‍ വീതം കൃഷി ആവശ്യത്തിനും പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍തലത്തില്‍ തീരുമാനമായിരുന്നു. ഇവിടെ പട്ടയം അനുവദിച്ചിട്ടുള്ള 63 ആളുകള്‍ക്ക് കിടപ്പാടത്തിനായുള്ള 0.08 ഏക്കര്‍ ഭൂമി മാത്രമേ നേരത്തെ അതിര്‍ത്തി നിര്‍ണയിച്ചു നല്‍കിയിരുന്നുള്ളൂ. എന്നാല്‍ പട്ടയത്തില്‍ പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ല. പട്ടയത്തില്‍ ഉള്‍പ്പെട്ട കൃഷിഭൂമി കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളും പരാതികളും ലഭിച്ചിരുന്നു. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ കേരള ഹൈക്കോടതിയും സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ കമ്മീഷനും നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് സബ് കലക്ടര്‍ പെരിയ വില്ലേജില്‍ പട്ടയം അനുവദിച്ച 63 പേരില്‍ 58 പേര്‍ക്ക് കൃഷിക്കായി നീക്കിവെച്ച ഭൂമി അതിര്‍ത്തി നിര്‍ണയം നടത്തി ഫൈനല്‍ സ്‌കെച്ചിന്റെ അടിസ്ഥാനത്തില്‍ റീ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ള അഞ്ചുപേരില്‍ നാലുപേര്‍ മരണപ്പെട്ടതിനാല്‍ പട്ടയം കൈപ്പറ്റിയിട്ടില്ല.

ഒരാള്‍ അസുഖം മൂലം കിടപ്പിലായതിനാല്‍ ഹാജരായിട്ടില്ല. 58 പേര്‍ക്ക് അനുവദിച്ച താമസ സ്ഥലത്തിന്റെയും കൃഷിക്കായി മാറ്റി വെച്ച ഭൂമിയുടെയും പ്ലോട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ പട്ടികയാണ് കലക്ടര്‍ അനുമതി നല്‍കി ഉത്തരവായത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it