തൊഴുത്തിനേക്കാളും വൃത്തിഹീനമായി മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പഴയ വസ്ത്രങ്ങളും ചപ്പുചവറുകളുമടക്കം മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്

മധൂര്‍: തൊഴുത്തിനേക്കാളും വൃത്തിഹീനമായി മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. ഉളിയത്തടുക്ക ജംഗ്ഷന് സമീപത്ത് കൂഡ്ലു, ചൂരി വഴി കാസര്‍കോട് നഗരത്തിലേക്ക് പോകേണ്ടവര്‍ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഈ രീതിയില്‍ വൃത്തിഹീനമായിരിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പഴയ വസ്ത്രങ്ങളും ചപ്പുചവറുകളുമടക്കം മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവര്‍ക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

മഴയത്ത് പലരും ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും ഇവിടെ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് കാരണം അവര്‍ ദുരിതം അനുഭവിക്കുന്നു. കാലപ്പഴക്കം കാരണം കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകള്‍ ഭാഗവും തൂണുകളും ദ്രവിച്ച് ഇരുമ്പുകള്‍ പുറത്ത് തള്ളിയ നിലയിലാണ്. ദിവസേന സ്ത്രീകളടക്കം നിരവധി യാത്രക്കാര്‍ ബസിനായി കാത്തിരിക്കുന്ന കേന്ദ്രത്തിനാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. തൊട്ടടുത്തുതന്നെ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന മട്ടിലിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Related Articles
Next Story
Share it