അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി പരാക്രമം കാട്ടി; രണ്ടുപേര്‍ക്ക് പരിക്ക്

ദേളി ജുമാ മസ്ജിദിലേക്ക് അറവിന് കൊണ്ടുവന്ന പോത്താണ് കയര്‍ പൊട്ടിച്ചോടി ചെമ്മനാട്ടെ ഒരു വീട്ടുപറമ്പില്‍ എത്തിയത്

കാസര്‍കോട്: അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് ഏറെ നേരം പരിഭ്രാന്തിയുണ്ടാക്കി. തിങ്കളാഴ്ച രാവിലെ ദേളി ജുമാ മസ്ജിദിലേക്ക് അറവിന് കൊണ്ടുവന്ന പോത്താണ് കയര്‍ പൊട്ടിച്ചോടി ചെമ്മനാട്ടെ ഒരു വീട്ടുപറമ്പില്‍ എത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് അഗ്നിരക്ഷാസേനയിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന എത്തി പോത്തിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പോത്ത് ചാടി പോവുകയായിരുന്നു.

അതിനിടെ പോത്ത് ആളുകളെ ആക്രമിക്കുകയുമുണ്ടായി. ദേളി സ്വദേശികളായ രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റു. പിന്നീട് പോത്ത് അവിടെ നിന്ന് ചെമ്മനാട് വഴി രണ്ട് കിലോമീറ്ററോളം ഓടി നാട്ടുക്കാര്‍ക്ക് പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ കരക്കക്കാല്‍ എന്ന സ്ഥലത്തെ തോട്ടില്‍ വീണ പോത്തിനെ അഗ്‌നിരക്ഷാസേനാഗംങ്ങളും നാട്ടുകാരും ചേര്‍ന്ന് മൂന്നരമണിക്കൂര്‍ നേരത്തെ ശ്രമഫലമായി കയറില്‍ കാലുകള്‍ ബന്ധിപ്പിച്ച് തോട്ടില്‍ നിന്നും മുകളിലെത്തിക്കുകയായിരുന്നു.

സേനാഗംങ്ങളായ ഇ.പ്രസീദ്, പി.ജി ജീവന്‍, എസ്. അരുണ്‍ കുമാര്‍, ഹോം ഗാഡുമാരായ എന്‍.പി രാകേഷ്, പി.വി രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം തളങ്കരയിലും വിരണ്ടോടിയ പോത്തിനെ തളച്ചിരുന്നു.

Related Articles
Next Story
Share it