കാസര്‍കോട് ജനറല്‍ ആസ്പത്രി ഇനി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍; നീക്കം മെഡിക്കല്‍ കമ്മീഷന്റെ പരിശോധന അറിയിപ്പിന് പിന്നാലെ
ഉക്കിനടുക്കയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മെഡിക്കല്‍ കോളേജിന്റെ ടച്ചിങ്ങ് ആസ്പത്രിയായാണ് ജനറല്‍ ആസ്പത്രിയെ നിശ്ചയിച്ചത്

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കാസര്‍കോട് എന്ന ബോര്‍ഡ് സ്ഥാപിച്ചു. സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആസ്പത്രിക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ് കോഴ്സ് അനുവദിക്കുന്നതിന് മുന്നോടിയായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഉടന്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കാസര്‍കോട് എന്ന ബോര്‍ഡ് ജനറല്‍ ആസ്പത്രിക്ക് മുന്നില്‍ സ്ഥാപിച്ചത്.
എം.ബി.ബി.എസ് കോഴ്സ് അനുവദിക്കുന്നതിന് ദേശീയ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കേരള ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരവും ലഭിച്ചു. ഇനി മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഈ അധ്യയനവര്‍ഷം തന്നെ ചില കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എം.ബി.ബി.എസ് കോഴ്സ് ആരംഭിക്കുന്നതിന് 220 കിടക്കകളുള്ള ആസ്പത്രി, മൂന്നുവര്‍ഷത്തെ കിടത്തി ചികിത്സാ പ്രവര്‍ത്തന പരിചയം തുടങ്ങിയ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. ഉക്കിനടുക്കയില്‍ ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് മെഡിക്കല്‍ കോളേജിന്റെ ടച്ചിങ്ങ് ആസ്പത്രിയായി ജനറല്‍ ആസ്പത്രിയെ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.