ജില്ലാ പ്രസിഡണ്ടിനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം; എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച് വിമത വിഭാഗം
വോര്‍ക്കാടി, പൈവളിഗെ, എന്‍മകജെ എന്നിവിടങ്ങളിലെല്ലാം പ്രസിഡണ്ടിനെതിരെ വിമതനീക്കം ശക്തമാണ്.

കാസര്‍കോട്: ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. അശ്വിനിക്ക് എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബി.ജെ.പിയിലെ വിമതവിഭാഗം പരസ്യമായി രംഗത്തുവന്നതോടെ പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.
വോര്‍ക്കാടി, പൈവളിഗെ, എന്‍മകജെ എന്നിവിടങ്ങളിലെല്ലാം പ്രസിഡണ്ടിനെതിരെ വിമതനീക്കം ശക്തമാണ്. ജില്ലാ പ്രസിഡണ്ടിന്റെ ചില നടപടികള്‍ക്കെതിരെ വാട് സ് ആപ്പില്‍ വിമര്‍ശനമുന്നയിച്ച ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയംഗം കെ.പി പ്രശാന്തിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് പോരും രൂക്ഷമായിരിക്കുന്നത്.
ബി.ജെ.പിയുടെ മഞ്ചേശ്വരം വാട് സ് ആപ്പ് ഗ്രൂപ്പിലാണ് അശ്വിനിക്കെതിരെ പ്രശാന്ത് ആരോപണമുന്നയിച്ചത്. ഈ വാട് സ് ആപ് ഗ്രൂപ്പില്‍ അശ്വിനിയുമുണ്ട്. എന്നാല്‍ പ്രസിഡണ്ടിനെ വിമര്‍ശിച്ചതിന്റെ കാരണം ചോദിക്കാതെയാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്. 30 വര്‍ഷമായി ബി.ജെ.പിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന പ്രശാന്തിനെ പാര്‍ട്ടിയില്‍ യാതൊരു കൂടിയാലോചനയും നടത്താതെ പുറത്താക്കിയതാണ് വിമതപക്ഷത്തെ പ്രകോപിപ്പിച്ചത്.
പ്രശാന്തിനെ പുറത്താക്കാന്‍ ജില്ലാ പ്രസിഡണ്ടിന് അധികാരമില്ലെന്ന നിലപാടാണ് ബി.ജെ.പി പൈവളിഗെ പഞ്ചായത്ത് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. ജില്ലാ പ്രസിഡണ്ട് ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്നുകഴിഞ്ഞു. ജില്ലാ പ്രസിഡണ്ടിന് പുറത്താക്കാന്‍ അധികാരമില്ലെന്നും സംസ്ഥാന പ്രസിഡണ്ടിനാണ് അതിനുള്ള അധികാരമെന്നും മുതര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.
പൈവളിഗെ മണ്ഡലം പ്രസിഡണ്ട് ആദര്‍ശിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എസ്.ഡി.പി.ഐ നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി സോമണ്ണയെ കാണാന്‍ അശ്വിനി അവസരം നല്‍കിയെന്നാണ് വിമതര്‍ ആരോപിക്കുന്നത്. എസ്.ഡി.പി.ഐ നേതാവിന്റെ ഷോറൂം ഉദ് ഘാടനത്തിന്റെ പ്രമോഷന്‍ വീഡിയോ പ്രസിഡണ്ട് ഉപയോഗിച്ചെന്നും സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ സ്റ്റാറ്റസും പോസ്റ്റും അശ്വിനി പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ജോഡ് കല്ലില്‍ ചേര്‍ന്ന വിമതയോഗത്തില്‍ അശ്വിനിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.