ബിവറേജ് ഔട്ട് ലെറ്റിലെ ജീവനക്കാര്‍ക്കെതിരെ വീണ്ടും മദ്യപാനിയുടെ പരാക്രമം; നടപടി എടുക്കാനാകാതെ പൊലീസ്

സീതാംഗോളിയിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും വാഹനത്തിന്റെ അപാകത ഉണ്ടെന്നും പ്രദേശവാസികള്‍

സീതാഗോളി: സര്‍ക്കാര്‍ നിയന്ത്രണഞ്ഞിലുള്ള ബിവേറേജ് ഔട്ട് ലെറ്റിലെ ജീവനക്കാര്‍ക്കെതിരെ വീണ്ടും മദ്യപാനിയുടെ പരാക്രമം എന്ന് പരാതി. ഇന്നലെ രാത്രി ഏഴ് മണിയോടെ അഞ്ചംഗ സംഘം ബിയര്‍ വാങ്ങാനെത്തിയതായിരുന്നു. സംഘത്തിലെ ഒരാള്‍ തണുത്ത ബിയര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതാണ് മദ്യപാനിയെ ചൊടിപ്പിച്ചത്.

ഔട്ട് ലെറ്റിനകത്തുണ്ടായിരുന്ന ജീവനക്കാരെ മദ്യപാനി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ മദ്യപാനിയെ പിന്തിരിപ്പിക്കുകയായിരുന്നു. സമീപത്തെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും സംഘം മുങ്ങിയിരുന്നു. ഒരാഴച മുമ്പ് ബിവേറേജ് ഔട്ട് ലെറ്റിന്റെ നാല് ബോര്‍ഡുകള്‍ തകര്‍ത്തതിനും ജീവനക്കാരികളെയടക്കം അസഭ്യം പറയുകയും ഭീഷിണിപ്പെടുത്തുകയും ചെയ്തതിനും കുമ്പള പൊലീസ് ഉണ്ണികൃഷണന്‍ എന്നയാള്‍ക്കും മറ്റൊരാള്‍ക്കുമെതിരെ കേസെടുത്തിരുന്നു.

പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പല തവണ ഔട്ട് ലെറ്റിന് നേരെ അക്രമം നടന്നിട്ടുണ്ട്. ഇതേ സംഘം രാത്രി കാലങ്ങളില്‍ സീതാംഗോളി ടൗണില്‍ അഴിഞ്ഞാടുന്നതായി പ്രദേശവാസികള്‍ പറയുന്നു. സീതാംഗോളിയില്‍ കുമ്പള പൊലീസിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് എയ്ഡ് പോസ്റ്റില്‍ രണ്ടോ മൂന്നോ പൊലീസുകാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്.

അക്രമം നടക്കുമ്പോള്‍ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. വേഗം സ്ഥലത്തെത്താന്‍ ജീപ്പു പോലുമില്ല. കൂടുതല്‍ പൊലീസുകാരെ ഹെഡ് പോസ്റ്റില്‍ നിയമിക്കണമെന്നും വാഹനം നല്‍കി നടപടികള്‍ ശക്തിപ്പെടുത്തണമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുമെന്നും പ്രദേശവാസികള്‍ പറയുന്നു.

Related Articles
Next Story
Share it