കല്യോട്ട് കേസിലെ ഒന്നാം പ്രതി പീതാംബരന് നേരെയുള്ള വധശ്രമക്കേസ്; പ്രതിഭാഗം കോടതിയില്‍ സാക്ഷിപ്പട്ടിക കൈമാറി

പ്രോസിക്യൂഷനായി അഡീഷണല്‍ ഗവ. പ്ലീഡര്‍ പി. സതീശനും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ. പത്മനാഭനുമാണ് ഹാജരാകുന്നത്.

കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലപാതകക്കേസിലെ ഒന്നാം പ്രതിയായ പീതാംബരന് നേരെയുള്ള വധശ്രമക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കാസര്‍കോട് അഡ് ഹോക് മൂന്ന് കോടതിയിലാണ് കേസ് നടക്കുന്നത്. കല്യോട്ട് കൊല്ലപ്പെട്ട ശരത് ലാല്‍ ഒന്നാം പ്രതിയായ കേസിലാണ് പ്രതിഭാഗം സാക്ഷിപ്പട്ടിക കോടതിയില്‍ കൈമാറിയത്.

ഈ കേസില്‍ ശരത് ലാലിന് പുറമെ കൃപേഷിനെയും ആറാം പ്രതിയാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കൃപേഷിനെയും മറ്റൊരു പ്രതിയെയും ഒഴിവാക്കിയിരുന്നു. 2019 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുന്നാട് പീപ്പിള്‍സ് കോളജിലെ വിദ്യാര്‍ഥികളായിരുന്ന കല്യോട്ട് ചന്തുവിന്റെ മകന്‍ ശരത് ലാല്‍, ജിതിന്‍ എന്നീ കല്യോട്ട് നിവാസികളായ കെ എസ് യു വിദ്യാര്‍ഥികള്‍ മര്‍ദിക്കപ്പെട്ടപ്പോള്‍ ഈ സംഭവത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് മൂന്നാട് പീപ്പിള്‍സ് കോളജ് ബസ് കല്യോട്ട് ടൗണില്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പെരിയ കൊലക്കേസിലെ ഒന്നാംപ്രതി പീതാംബരനും 15ാം പ്രതി സുരേന്ദ്രന്‍ എന്ന വിഷ്ണു സുരയ്ക്കും പരിക്കേറ്റത്. നിലവില്‍ പീതാംബരനും സുരേന്ദ്രനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

പ്രതിഭാഗം സാക്ഷിപ്പട്ടിക കോടതി ഫയലില്‍ സ്വീകരിച്ചു. വിശദവാദത്തിനും പ്രോസിക്യൂഷന് കൗണ്ടര്‍ ഫയല്‍ ചെയ്യുന്നതിനുമായി ഈ മാസം 29-ലേക്ക് കേസ് മാറ്റി. പ്രോസിക്യൂഷനായി അഡീഷണല്‍ ഗവ. പ്ലീഡര്‍ പി. സതീശനും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ. പത്മനാഭനുമാണ് ഹാജരാകുന്നത്.

Related Articles
Next Story
Share it