കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മുഹമ്മദ് സഫ് വാന്‍ കാസര്‍കോട്, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ കൂടി പ്രതി
വാഹനക്കവര്‍ച്ച അടക്കമുള്ള കേസുകളാണ് നിലവിലുള്ളത്.

കാസര്‍കോട് : എം.ജി റോഡിലെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ച കേസില്‍ അറസ്റ്റിലായ ബേക്കല്‍ സ്വദേശി പി.കെ മുഹമ്മദ് സഫ് വാന്‍ കാസര്‍കോട്, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ പ്രതി എന്ന് പൊലീസ്. വാഹനക്കവര്‍ച്ച അടക്കമുള്ള കേസുകളാണ് സഫ് വാനെതിരെ നിലവിലുള്ളത്.
ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് സഫ് വാന്‍ എ.ടി.എം കൗണ്ടറില്‍ കയറി കവര്‍ച്ചക്ക് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ 15ന് വൈകിട്ട് 6.30ന് കാസര്‍കോട് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ യു.കെ മാള്‍ വ്യാപാരസമുച്ചയത്തിന് താഴെയുള്ള പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ച്ച ചെയ്യുകയായിരുന്നു.
ആലംപാടിയിലെ നൗഷാദിന്റെ ബൈക്കുമായാണ് സഫ് വാന്‍ കടന്നുകളഞ്ഞത്. ഇതുസംബന്ധിച്ച പരാതിയില്‍ അന്ന് രാത്രി തന്നെ പൊലീസ് കേസെടുത്തു. ബൈക്ക് മോഷണം സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് എ.ടി.എം കവര്‍ച്ചാശ്രമക്കേസിനും തുമ്പാകാന്‍ ഇടവരുത്തിയത്.
രണ്ടിടങ്ങളില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്ന ആളുടെ മുഖവും ധരിച്ച വസ്ത്രവും ഒന്ന് തന്നെയായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.