വാഹനാപകട സ്ഥലത്തെത്തിയ എസ്.ഐക്കും സംഘത്തിനും നേരെ പരാക്രമം; നിരവധി കേസുകളിലെ പ്രതി പിടിയില്‍

പനത്തടി ചാമുണ്ഡിക്കുന്നിലെ എസ്.സി പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

വിദ്യാനഗര്‍: ചെര്‍ക്കളയില്‍ വാഹനാപകട സ്ഥലത്തെത്തിയ എസ്.ഐക്കും സംഘത്തിനും നേരെ പരാക്രമം നടത്തിയ നിരവധി കേസുകളില്‍ പ്രതിയായ പനത്തടി സ്വദേശിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പനത്തടി ചാമുണ്ഡിക്കുന്നിലെ എസ്.സി പ്രമോദി(40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രമോദ് ഓടിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആദൂര്‍ കുണ്ടാര്‍ പടിയത്തടുക്കയിലെ ഇബ്രാഹിം ദില്‍ഷാദി(19)ന് പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം കാറോടിച്ചിരുന്ന പ്രമോദ് പ്രകോപിതനായി സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിന് നേരെ തിരിഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിദ്യാനഗര്‍ എസ്.ഐ കെ. പ്രദീഷ് കുമാര്‍, എസ്.ഐ ഉമേശ് എന്നിവര്‍ അടക്കമുള്ള പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രമോദ് പൊലീസുകാര്‍ക്ക് നേരെയും തിരിഞ്ഞത്. പ്രമോദിന്റെ പരാക്രമത്തില്‍ എസ്.ഐ പ്രദീഷിന്റെ മുഖത്തും നെഞ്ചത്തും പരിക്കേറ്റു. തടയാന്‍ ശ്രമിച്ച എസ്.ഐ ഉമേശനെയും ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടിത്തത്തിലൂടെ പിടികൂടുകയായിരുന്നു. എസ്.ഐ പ്രതീഷിന്റെ പരാതിയില്‍ കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാണ്ട് ചെയ്തു. പ്രമോദിനെതിരെ രാജപുരം, ഹൊസ് ദുര്‍ഗ്, മാനന്തവാടി സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it