അമീബിക് മസ്തിഷ്ക ജ്വരം: കാസര്‍കോട് നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

കാസര്‍കോട്: അമീബിക് മസ്തിഷ്ക ജ്വരം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് സംബന്ധിച്ച് കാസര്‍കോട് നഗരസഭയില്‍ യോഗം ചേര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് ആശാ വര്‍ക്കര്‍മാരെയും ഹരിതകര്‍മ്മസേന അംഗങ്ങളേയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടത്തുന്നതിനും കിണറുകളിലും മറ്റു ജല സ്രോതസ്സുകളിലും ക്ലോറിനേഷന്‍ നടത്താനും യോഗം തീരുമാനിച്ചു. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ടാല്‍ 97 ശതമാനം മരണം ഉറപ്പാണെന്ന വിഷയം ജനങ്ങളിലെത്തിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തും. ഓണാവധി കാലത്ത് വിദ്യാര്‍ത്ഥികള്‍ തോടുകളിലും മറ്റും കുളിക്കാന്‍ പോകുന്നത് ഒഴിവാക്കണമെന്നും കുളിക്കാന്‍ പോകുന്നവര്‍ നോസ് ക്ലിപ്പ് പോലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ എ.വി മധുസൂധനന്‍ സ്വാഗതം പറഞ്ഞു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ശ്രീകുമാര്‍ മുഗു, നവകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ഷിജു, ജനറല്‍ ആശുപത്രി ജെ.എച്ച്.ഐ രാധാകൃഷ്ണന്‍, നഗരസഭാ ജെ.എച്ച്.ഐ ആശാമേരി തുടങ്ങിയവര്‍ സംസാരിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it