ഫുട്ബോള്‍ ടീം സെലക്ഷനില്‍ അപാകതയെന്ന് ആരോപണം: ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്

കാസര്‍കോട്: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കാസര്‍കോട് ജില്ലാ ടീം സെലക്ഷനില്‍ അപാകത നടന്നതായും അര്‍ഹരായവരെ ടീമില്‍ നിന്ന് പുറത്താക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടി എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. കണ്ണൂരില്‍ നടക്കുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീം അംഗങ്ങളുടെ ലിസ്റ്റ് കീഴ്വഴക്കങ്ങള്‍ മറികടന്ന് തലേദിവസം വാട്സ്ആപ്പ് വഴിയാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിറ്റേന്ന് മത്സര ദിവസം രാവിലെ ദേശീയ താരമടക്കമുള്ളവരെ പ്ലെയര്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കി പുതുക്കിയ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ടീം സെലക്ഷനില്‍ തികഞ്ഞ പക്ഷപാതം കാണിച്ച സെലക്ടര്‍മാര്‍ പിഴവാണെന്ന് ആദ്യം സമ്മതിക്കുകയും പിന്നീട് അതേ ലിസ്റ്റിനെ ന്യായീകരിക്കുകയുമാണ് ചെയ്തത്. അര്‍ഹതക്കപ്പുറം ബാഹ്യ ഇടപെടലുകള്‍ നടത്തി കായിക താരങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയ അധികൃതരുടെ ക്രൂരത ആദ്യം തന്നെ എം.എസ്.എഫ് ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ഡി.ഡി.ഇക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നതായും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. ഡി.ഡി.ഇ ഓഫീസ് ഉപരോധത്തിന് നേതൃത്വം നല്‍കിയ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ ചേരൂര്‍, മണ്ഡലം പ്രസിഡണ്ട് ഹാഷിര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി സിറാജ് ബദിയടുക്ക, ട്രഷറര്‍ അര്‍ഫാത്ത് കമ്പാര്‍, ജാബിര്‍ ഷിബിന്‍, അസ്ഫര്‍ മജല്‍, സിയാന്‍ തളങ്കര, ഉമര്‍ ഖയ്യും തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.