കാറില്‍ 4.830 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പിഴയും
പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കാനും കോടതി നിര്‍ദ്ദേശിച്ചു

കാസര്‍കോട്: കാറില്‍ 4.830 കിലോ കഞ്ചാവ് കടത്തിയ കേസില്‍ രണ്ടാം പ്രതിക്ക് കോടതി രണ്ടു വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. പട് ലയിലെ അബ്ദുള്‍ റൗഫിനെ(39)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിലെ ഒന്നാം പ്രതിയെ നേരത്തെ ശിക്ഷിച്ചിരുന്നു.
2015 നവംബര്‍ 29 ന് രാത്രി 11.30 മണിക്ക് സീതാംഗോളിയില്‍ വെച്ചാണ് കെ. എല്‍ 14 എന്‍ 7919 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി അബ്ദുള്‍ റൗഫിനെ അന്നത്തെ ബദിയടുക്ക എസ്. ഐ എ സന്തോഷ് കുമാര്‍ , പൊലീസുകാരായ കെ.ശശിധരന്‍, എം. രതീഷ്, രഞ്ജിത്ത്, അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും പ്രതികള്‍ റിമാണ്ടിലാവുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.