സാമൂഹ്യ മാധ്യമം വഴി മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ചു; പ്രതി പിടിയില്‍

മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയും ഇപ്പോള്‍ ചൗക്കി കാരോട് സ്‌കൂളിന് സമീപം താമസിക്കാരനുമായ അബ്ദുള്‍ ലത്തീഫിനെ ആണ് പൊലീസ് അറസ്റ്റുചെയ്തത്.

കാസര്‍കോട്: സാമൂഹ്യ മാധ്യമമായ വാട് സ് ആപ്പ് ഗ്രൂപ്പ് വഴി മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതിയെ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള- മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട് സ് ആപ്പ് ഗ്രൂപ്പില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വോയിസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് യുവാവിനെ അറസ്റ്റുചെയ്തത്.

സംഭവത്തില്‍ മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയും ഇപ്പോള്‍ ചൗക്കി കാരോട് സ്‌കൂളിന് സമീപം താമസിക്കാരനുമായ അബ്ദുള്‍ ലത്തീഫിനെ(47 ) ആണ് പൊലീസ് അറസ്റ്റുചെയ്തത്.

ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്. ഒ ഇന്‍ചാര്‍ജ് നളിനാക്ഷന്‍ പി യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീദാസ് എം വി, പ്രേമരാജന്‍ എ വി, എസ്.സി.പി.ഒ മാരായ ദിലീഷ് എം, സവാദ്, അഷ് റഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇത്തരം പ്രവൃത്തിയില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it