പലചരക്ക് കടയില്‍ കയറി തമിഴ് നാട് സ്വദേശി തീകൊളുത്തിയ യുവതി മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയിലായിരുന്നു

ബേഡകം: പലചരക്ക് കടയില്‍ കയറി തമിഴ് നാട് സ്വദേശി തീകൊളുത്തിയ യുവതി ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന മുന്നാട് പേര്യയിലെ രമിത(27)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ബേഡകത്തെ പലചരക്ക് കടയിലാണ് സംഭവം. തമിഴ് നാട് ചിന്നപട്ടണം സ്വദേശിയായ രാമാമൃതം(57) കടയില്‍ കയറി രമിതയുടെ ദേഹത്ത് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് ശേഷം ബസില്‍ ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രാമാമൃതത്തെ യാത്രക്കാരും നാട്ടുകാരും പിടികൂടി ബേഡകം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.

വധശ്രമത്തിന് കേസെടുത്ത പൊലീസ് രാമാമൃതത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ റിമാണ്ടില്‍ കഴിയുന്ന രാമാമൃതത്തിനെതിരെ രമിത മരിച്ചതോടെ കൊലക്കുറ്റം ചുമത്തും. രമിതയുടെ പലചരക്ക് കടക്ക് സമീപം ഫര്‍ണിച്ചര്‍ കട നടത്തുന്ന രാമാമൃതം മദ്യപിച്ച് രമിതയുടെ കടയിലെത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. രമിത ഇതുസംബന്ധിച്ച് കെട്ടിട ഉടമയോട് പരാതിപ്പെട്ടതോടെ കടമുറി ഒഴിയാന്‍ രാമാമൃതത്തോട് കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു.

ഇതിലുള്ള വൈരാഗ്യം മൂലം രാമാമൃതം പലചരക്കുകടയിലെത്തുകയും കടമുറിയില്‍ ഇരിക്കുകയായിരുന്ന രമിതയുടെ ശരീരത്തില്‍ കുപ്പിയില്‍ കരുതിയ തിന്നര്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ശരീരത്തില്‍ 50 ശതമാനത്തിലധികം പൊള്ളലേറ്റ രമിതയെ ആദ്യം ജില്ലാ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. നില ഗുരുതരമായതോടെ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. രമിതയുടെ ചികിത്സക്കായി നാട്ടുകാര്‍ പണം സ്വരൂപിച്ചുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Related Articles
Next Story
Share it