വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെ 6 പേര്‍ക്ക് കുത്തേറ്റ സംഭവം; 4 പ്രതികള്‍ക്ക് 3 വര്‍ഷവും 9 മാസവും തടവ്

ശിക്ഷ വിധിച്ചത് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി

കാസര്‍കോട്: വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ആറുപേരെ കത്തി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ നാല് പ്രതികള്‍ക്ക് കോടതി മൂന്നുവര്‍ഷവും ഒമ്പതുമാസവും തടവും 20,000 രൂപ പിഴയും വിധിച്ചു.

ആലംപാടി മുട്ടത്തൊടി സ്വദേശികളായ അബ്ദുള്‍ ഹക്കീം(38), അഹമ്മദ് കബീര്‍(37), അഹമ്മദ് ഗസാലി(34), മൂസ സുനൈഫ് എന്ന ഉക്കൂഞ്ഞി(35) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി ശിക്ഷിച്ചത്.

ആലംപാടി സ്വദേശികളായ ഹൈദരലി, മുഹമ്മദ് മുസ്തഫ, മുദാസിര്‍, ഉമ്മര്‍ ഫാറൂഖ്, സമീര്‍, അബ്ദുല്ല എന്നിവര്‍ക്കാണ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നത്. 2018 ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആലംപാടി ഉറൂസിന് വന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആറുപേരെ കുത്തിയും അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് കേസ്.

വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ സബ് ഇന്‍സ്പെക്ടര്‍മാരായ കെ.പി വിനോദ് കുമാറും ഇ.അനൂപ് കുമാറുമാണ് അന്വേഷണം നടത്തിയത്. കേസിന്റെ വിചാരണവേളയില്‍ ദൃക് സാക്ഷികള്‍ കൂറുമാറിയിരുന്നു. സാഹചര്യത്തെളിവിന്റെയും പൊലീസ് ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി. കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

Related Articles
Next Story
Share it